തായ്‌പേയ് സിറ്റി: ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി തായ്‌വാനിലെത്തി യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് നാന്‍സി പെലോസി.
യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്. തായ്‌വാന്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുകയാണ്. റഷ്യ ചൈനക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, യു.എസ് നാല് യുദ്ധക്കപ്പലുകള്‍ കടലില്‍ വിന്യസിച്ചിട്ടുണ്ട്. നിശബ്ദരായിരിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചു. അമേരിക്ക പ്രകോപനമുണ്ടാക്കുകയാണെന്ന് റഷ്യയും ആരോപിച്ചു.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനില്‍ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യു.എന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞിരുന്നു.
തായ്‌വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസിന്റെ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവ് കൂടിയാണ് നാന്‍സി പെലോസി.
യു.എസ് സ്പീക്കറുടെ തായ്വാന്‍ സന്ദര്‍ശന തീരുമാനം അപകടകരമാണെന്നും അത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ പറഞ്ഞത്. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെ നേരിടാന്‍ ചൈന സ്വയം തയാറെടുക്കുകയാണെന്നും ലിജ്യാന്‍ പ്രതികരിച്ചു.