Nanpakal Nerathu Mayakkam Review | അതിസുന്ദരം
Film Review
Nanpakal Nerathu Mayakkam Review | അതിസുന്ദരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th January 2023, 4:54 pm

നന്‍പകല്‍ നേരത്ത് മയക്കം കണ്ടു, കണ്ടനുഭവിച്ചു. ഈ സിനിമ എത്രമേല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മമ്മൂട്ടിയുടെയുമാണോ, അത്രത്തോളമോ അതിനേക്കാളേറെയോ, ഇത് തേനി ഈശ്വറിന്റെ സിനിമയാണ്. തേനി ഈശ്വറെന്ന ക്യാമറ പേഴ്‌സണ്‍ സുന്ദരമായി വരച്ചുവെച്ച ഫ്രെയ്മുകളുടെ സിനിമയാണ്. തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തെ, അവിടുത്തെ നീലച്ചുമരുകളെയും പച്ച കട്ടിളകളെയും ചാണകവറളിയെയും പാടങ്ങളെയും മരത്തണലുകളെയും ടാസ്മാകിലെ പച്ചയും ചുവപ്പും ട്യൂബ് ലൈറ്റുകളെയുമെല്ലാം വിശേഷണങ്ങള്‍ക്ക് വിവരിക്കാന്‍ അസാധ്യമായ വിധം സുന്ദരമായി പകര്‍ത്തിവെച്ചിരിക്കുന്ന സിനിമ.

സ്റ്റാറ്റിക്കായ ഫ്രെയ്മുകളാണ് നന്‍പകലില്‍ ഭൂരിഭാഗവും. തുടക്കത്തിലെ ലോഡ്ജിനകത്തെ സീനും, ആളുകള്‍ തിക്കിതിരുകിയിരിക്കുന്ന ബസിലും തുടങ്ങി ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലേക്കും വീടകങ്ങളിലേക്കും പാടത്തിന്റെ വിശാലതയിലേക്കും നീങ്ങുമ്പോഴും, ഏറ്റവും സാധാരണമായ കാഴ്ചകളുടെ ഏറ്റവും സുന്ദരമായ ഭാവങ്ങള്‍ കണ്ടുപിടിച്ച ശേഷം തേനി ഈശ്വര്‍ ക്യാമറക്ക് പിന്നില്‍ ആ കാഴ്ചയില്‍ നിമഗ്നനായി ഇരിക്കുകയായിരുന്നിരിക്കണം.

 

നന്‍പകലില്‍ നാടകവും സിനിമയും കലര്‍ന്നിരിക്കുകയാണ്. സാരഥി തിയേറ്റഴ്‌സ് എന്ന നാടക ട്രൂപ്പ്,
ഒരിടത്ത് എന്ന നാടകം, നാടകം കളിക്കാന്‍ പോയ സ്ഥലങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും തുടങ്ങി പുറംതലത്തിലുള്ള കാര്യങ്ങളാണ് അവയില്‍ ചിലത്. അവസാനത്തെ ടൈറ്റിലുകള്‍ എഴുതുന്നതിനൊപ്പം തിലകന്റെയും ജോസ് പെല്ലിശ്ശേരിയുടെയും നാടകകാലത്തിന്റെ ചിത്രങ്ങള്‍ വരുന്നുണ്ട്. തിലകനെന്ന നാടക ട്രൂപ്പിന്റെ ലീഡറെ കുറിച്ച് സിനിമയിലും പരാമര്‍ശിക്കുന്നുണ്ട്.

പഴയ തമിഴ് സിനിമാ ഡയലോഗുകളും പാട്ടുകളുമാണ് നന്‍പകലിലെ ബി.ജി.എം. സിനിമയിലെ സന്ദര്‍ഭങ്ങളുമായി ചേര്‍ന്നുപോകുന്ന, അതിന്റെ പ്രതിഫലനങ്ങളെന്ന് പറയാനാകുന്ന നിലയിലാണ് ഇവ പലതും കടന്നുവരുന്നത്. ആ ബ്രില്യന്‍സ് പിടികിട്ടിയില്ലെങ്കിലും, സിനിമയുടെ ആസ്വദനത്തിന്റെ രസച്ചരടില്‍ പ്രേക്ഷകരെ ചേര്‍ത്തു കെട്ടുന്നതില്‍ ഈ ബി.ജി.എം അനിവാര്യ ഘടകമാണ്.

കണ്‍മണിയും മുത്തും സാലിയും മകനും ഒരുമിച്ച് വരുന്ന, ചുറ്റും നില്‍ക്കുന്ന ഓരോരുത്തരോടുമായി നിങ്ങള്‍ക്കെന്നെ ഓര്‍മയില്ലേ എന്ന് ജെയിംസ് ചോദിക്കുന്ന, സ്‌റ്റേജിനെ ഓര്‍മിപ്പിക്കുന്ന ഫ്രെയ്മുകളുമുണ്ട്. ഇങ്ങനെ ഒറ്റനോട്ടത്തില്‍ കണ്ണിലുടക്കുന്ന സാമ്യതകള്‍ക്കപ്പുറം അഭിനേതാക്കളുടെ അഭിനയപാടവത്തിനുള്ള വിശേഷണങ്ങളുടെ അവസാന വാക്കായ പരകായപ്രവേശത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ സിനിമ. ബസില്‍ നിന്നിറങ്ങി നടന്ന്, സുന്ദരത്തിന്റെ വേഷങ്ങള്‍ ധരിച്ച് ജെയിംസ് ആ ഗ്രാമമെന്ന തട്ടിലേക്ക് കയറിനില്‍ക്കുകയാണ്. പിന്നീട് അവിടെ സുന്ദരം മാത്രമേയുള്ളു.

മധുരം ഇഷ്ടമില്ലാത്ത ജെയിംസ് സുന്ദരത്തിന് ഇഷ്ടമായത് കൊണ്ട് ചായയില്‍ വീണ്ടും മധുരം ചേര്‍ക്കുന്നു. അറുംപിശുക്കില്‍ നിന്നും അടുക്കളയിലെ പാത്രങ്ങളില്‍ പൊടികള്‍ നിറച്ചുവെക്കുന്നു, ഭാര്യയോടും കുട്ടിയോടുമുള്ള സ്‌നേഹം തുറന്നുതന്നെ പ്രകടിപ്പിക്കുന്നു, നിരീശ്വരവാദിയില്‍ നിന്നും കടുത്ത ഈശ്വരവിശ്വാസിയാകുന്നു. ഉറക്കെയുറക്കെ സംസാരിക്കുന്നു, മറ്റുള്ളവര്‍ക്കായി ആടുന്നു പാടുന്നു അവരെ പൊട്ടിച്ചിരിപ്പിക്കുന്നു. അങ്ങനെ ജെയിംസ് പൂര്‍ണമായും സുന്ദരനായി മാറുന്നു, പരകായ പ്രവേശം പൂര്‍ത്തിയാക്കുന്നു.

ചിത്രത്തില്‍ ഇത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ മാനസികപ്രശ്‌നമോ ആത്മാവ് കയറിയതോ എന്നൊന്നും വേര്‍തിരിച്ചു പറയുന്നില്ലെങ്കിലും ഒരു അഭിനേതാവ് കഥാപാത്രമായി മാറുന്ന പ്രക്രിയയെ അടിത്തട്ടില്‍ വെച്ചാണ് ഈ സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതെന്ന് തോന്നിപ്പോകും.

മമ്മൂട്ടിയെന്ന അഭിനേതാവ് വീണ്ടും വീണ്ടും തേച്ചുമിനുക്കിയെത്തുന്നതിന്റെ ആവിഷ്‌കാരമാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസിന്റെ മലയാളവും സുന്ദരത്തിന്റെ തമിഴും മാത്രമല്ല, ഇരു കഥാപാത്രങ്ങളുടെയും ബോഡി ലാംഗ്വേജ്, സുന്ദരത്തിന്റെ ശരീരഭാഷയിലേക്ക് ജെയിംസ് എത്തുന്ന ആ സൂക്ഷ്മമായ ട്രാന്‍സ്‌ഫോര്‍മേഷനും, സുന്ദരവും ജെയിംസും തിരിച്ചറിയുന്ന നിമിഷങ്ങളും അപ്പോഴത്തെ ഞെട്ടലും വേദനയുമെല്ലാം അതിമനോഹരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. സുന്ദരം ഇങ്ങനെയായിരിക്കുമോ തമിഴില്‍ സംസാരിക്കുകയെന്ന് ഇടക്ക് തോന്നിയിരുന്നെങ്കിലും ജെയിംസാണല്ലോ അതെന്ന് ആലോചിക്കുമ്പോള്‍ ആ തോന്നലും വിട്ടൊഴിയും.

മമ്മൂട്ടി മാത്രമല്ല, ഈ സിനിമയിലെ ഓരോരുത്തരും ഗംഭീരമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ജെയിംസിന്റെയും സുന്ദരത്തിന്റെയും ഭാര്യമാരായവരുടെ കാസ്റ്റിങ്ങില്‍ മാത്രമാണ് ചെറിയ പാളിച്ച തോന്നിയത്. ചുറ്റുമുള്ളവരില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുന്നത് പോലെ തോന്നി.

സിറ്റുവേഷണല്‍ കോമഡികളാണ് സിനിമയിലുടനീളം. അശോകനാണ് ഈ കോമഡികളുടെ ഉസ്താദ്. ചിത്രത്തില്‍ എല്ലാവരും പാതിമയക്കത്തിലും പതുക്കെയും നീങ്ങുമ്പോള്‍ അടുത്ത ദിവസം റേഷന്‍ കട തുറക്കാനുള്ളതിന്റെ ധൃതി ആവര്‍ത്തിച്ചു പറഞ്ഞ് സിനിമക്ക് ആവശ്യമായ വേഗത കൊടുക്കുന്നത് അശോകന്റെ ജോണി എന്ന കഥാപാത്രമാണ്.

ടോയ്‌ലറ്റില്ലാത്തതിനെ കുറിച്ച് സ്ത്രീകള്‍ പറഞ്ഞ് ചിരിക്കുന്നതും, ജെയിംസിനെ അന്വേഷിച്ചു നടക്കുന്നതിനിടിയിലെ ചില ഡയലോഗുകളും തുടങ്ങി കോമഡിക്കായി പ്രത്യേകം പാകം ചെയ്തു വെച്ചതല്ലാത്ത, എന്നാല്‍ കാണുന്നവരെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി സീനുകളുണ്ട്.

ഒരു മുന്‍വിധികള്‍ക്കും കണക്കുക്കൂട്ടലുകള്‍ക്കും ഒതുക്കി വെക്കാനാകാത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹം ചെയ്യാന്‍ പോകുന്ന സിനിമയെ കുറിച്ച് അതിന്റെ ഴോണറോ പേസോ ഇമോഷന്‍സോ എന്തെങ്കിലുമൊന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഒന്നൊഴികെ. ചിത്രത്തിന്റെ തുടക്കത്തില്‍ ലിജോ പറയുന്നത് പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന മനുഷ്യമനസുകളായിരിക്കും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നത്. ഒരിടത്ത് ജെയിംസിനെ പിടിക്കാനായി ആളുകള്‍ ഓടുന്ന ചുരുക്കം ചില ഫ്രെയ്മുകളില്‍ മാത്രമാണ് ചുരുളിയിലെയും ജല്ലിക്കട്ടിലെയും ലിജോയെ ഓര്‍മ വന്നത്.

ഇങ്ങനെയൊരു കളര്‍ ടോണിലും പേസിലും ലിജോയില്‍ നിന്ന് ഒരു സിനിമ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. മുന്‍ ചിത്രങ്ങള്‍ വെച്ച് തന്നെ കുറിച്ച് പ്രേക്ഷകരുണ്ടാക്കുന്ന ധാരണകളെയെല്ലാം കാറ്റില്‍പറത്തി പുതിയ ചിത്രത്തിന് വഴിവെട്ടുന്ന ലിജോ നന്‍പകലിലും ആ പതിവ് തെറ്റിക്കുന്നില്ല.

ലിജോയുടെ കഥക്ക് ഏറ്റവും സുന്ദരമായ ഒഴുക്കോടെയുള്ള ചലച്ചിത്രഭാഷ്യം ഒരുക്കാന്‍ എസ്. ഹരീഷിന്റെ തിരക്കഥക്ക് കഴിയുന്നുണ്ട്. തമിഴും മലയാളവും കലര്‍ന്നെത്തുന്ന ഭാഗങ്ങളെ, കഥാപാത്രങ്ങളുടെ സ്വഭാവം വെളിവാക്കുന്ന ഡയലോഗുകളെ, സ്വാഭാവികമായ നര്‍മത്തെ, അങ്ങനെ എല്ലാത്തിനെയും, സ്വപ്‌നവും മയക്കവും യാഥാര്‍ത്ഥ്യവും കെട്ടുപിണഞ്ഞെത്തുന്ന നന്‍പകലില്‍ എസ്. ഹരീഷ് ഒരു ഏച്ചുകൂട്ടലുമില്ലാതെ കോര്‍ത്തുവെക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയും എസ്. ഹരീഷും ഒന്നിച്ചു കെട്ടിപ്പൊക്കിയ മയക്കത്തിന്റെ പൂര്‍ണത എന്ന് തോന്നിയ ഒരു ഭാഗമുണ്ട്. നാടക ടീമിനൊപ്പം വേളാങ്കണിയിലെത്തിയ ജെയിംസ്, ഒരു ദിവസം പെട്ടെന്ന്, രണ്ട് വര്‍ഷം മുമ്പ് കാണാതായ സുന്ദരമായി മാറുകയാണ്. ഏറ്റവുമൊടുവില്‍ ഇവര്‍ തമ്മില്‍ ഉച്ചമയക്കത്തിനിടയില്‍ കണ്ടുമുട്ടുന്നുണ്ട്.

വളരെ ബ്ലര്‍ ആയ ആ ഫ്രെയ്മില്‍ മുണ്ടുടത്ത് നില്‍ക്കുന്ന അവ്യക്തമായ ഒരു രൂപം. പേരോ വിളികളോ പശ്ചാത്തലമോ ഒന്നുമില്ലാതെ വരുന്ന ആ സുന്ദരത്തിന്റെ സന്തോഷവും സങ്കടവും എവിടെ നിന്നോ ഉള്ളിലേക്ക് എത്തുന്നുണ്ടായിരുന്നു. സുന്ദരം ജെയിംസിനോട് കണ്ണീരടക്കി പിടിച്ച് നന്ദി പറയുകയായിരിക്കാമെന്ന് തന്നെ തോന്നി. ഒരു വാക്ക് പോലും പറയാതെ ജെയിംസും സുന്ദരവും നടത്തുന്ന ആഴമേറിയ ആ കൈമാറ്റം കണ്ടിരുക്കുമ്പോഴേ ഉള്ളില്‍ തറച്ചത് മറക്കാനാകില്ല.

ചില സിനിമകള്‍ അവ കണ്ടതിന് ശേഷം ആ സിനിമ ഉള്ളിലവശേഷിപ്പിക്കുന്ന അനുഭവം കൂടെ പോരാറുണ്ട്. തിയേറ്റര്‍ വിട്ടിറങ്ങിയ ശേഷം നന്‍പകല്‍ നേരത്ത് മയക്കം നല്‍കിയ അനുഭൂതി പൊതിഞ്ഞുനിന്നിരുന്നു. തിരക്കുള്ള റോഡിനരികിലൂടെ നടക്കുമ്പോഴും എവിടെയോ എന്തൊക്കെയോ പതുക്കെയാകുന്നു, വളരെ നേര്‍ത്ത ശബ്ദത്തില്‍ ഒരു പഴയ തമിഴ്പാട്ട് കാതിനോട് ചേര്‍ന്ന് മൂളുന്നു.

Content Highlight: Nanpakal Nerathu Mayakkam Review