മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ പോസ്റ്ററുകള്‍ വന്ന സമയം മുതല്‍ തന്നെ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥയെ കുറിച്ചുള്ള നിരവധി സൂചനകളും അഭ്യൂഹങ്ങളും ഫാന്‍ ഫിക്ഷനുമെല്ലാം വന്നിരുന്നു.
മമ്മൂട്ടിയുടെ കഥാപാത്രം രാവിലെ സൈക്കിള്‍ മെക്കാനിക്കും രാത്രി കള്ളനുമാണെന്നും എല്ലാവരും നട്ടുച്ചക്ക് കിടന്നുറങ്ങുന്ന ഒരു സങ്കല്‍പ നഗരത്തിലാണ് സിനിമയുടെ കഥ നടക്കുന്നത് തുടങ്ങി അനവധി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. വേലന്‍, നകുലന്‍ എന്നീ പേരുകളിലാണ് മമ്മൂട്ടി എത്തുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഐ.എഫ്.എഫ്.കെയില്‍ പടം പ്രദര്‍ശിപ്പിക്കുന്നതോടെ ഊഹാപോഹങ്ങളുടെയെല്ലാം സത്യാവസ്ഥ കൂടി അറിയാമെന്നായിരുന്നു സിനിമാപ്രേമികള്‍ കണക്ക് കൂട്ടിയിരുന്നത്. എന്നാലിപ്പോള്‍ അതിന് മുമ്പേ തന്നെ ചിത്രത്തിന്റെ കഥാപരിസരം കാണികള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.
ഐ.എഫ്.എഫ്.കെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സിനോപ്‌സിസ് നല്‍കിയിട്ടുണ്ട്. ഇതിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥാപരിസരവും വ്യക്തമായിരിക്കുന്നത്.
‘തീര്‍ത്ഥാടനയാത്ര കഴിഞ്ഞ് വരുന്ന ഒരു നാടക ട്രൂപ്പ്, ബസിലാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ഉച്ചക്ക് നല്ലൊരു ഊണിന് ശേഷം ഇവര്‍ക്കെല്ലാവര്‍ക്കും കലശലായ ഉറക്കം വരുന്നു. ഇതേ തുടര്‍ന്ന് ജെയിംസ് ബസ് നിര്‍ത്തി അടുത്ത് കണ്ട ഗ്രാമത്തിലേക്ക് വിശ്രമിക്കാനായി ചെല്ലുന്നു.
പക്ഷെ അവിടെ വെച്ച് സുന്ദരത്തിന്റെ ആത്മാവ് ജെയിംസില്‍ പ്രവേശിക്കുന്നു. പെട്ടെന്ന് ജെയിംസ് സുന്ദരമായി ജീവിക്കാന്‍ തുടങ്ങുന്നു. താന്‍ ജെയിംസിലൂടെയാണ് ജീവിക്കുന്നത് എന്ന് സുന്ദരത്തിന് വൈകിയാണ് മനസിലാകുന്നത്. ഇത് അയാളെ ആകെ അസ്വസ്ഥനാക്കുന്നു,’ ഇതാണ് ചിത്രത്തിന്റെ സിനോപ്‌സിസായി നല്‍കിയിരിക്കുന്നത്.
ഇത് പുറത്ത് വന്നതോടെ പഴയ ഫാന്‍ തിയറികളെല്ലാം മാറ്റി പുതിയത് എഴുതാന്‍ തുടങ്ങിയിരിക്കുകാണ് ചിലര്‍.
എസ്. ഹരീഷാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആമേന്‍ മൂവി മൊണാസ്ട്രിയും കൂടിയാണ് നിര്‍മിക്കുന്നത്. വേഫെറര്‍ ഫിലിംസാണ് വിതരണം. തേനി ഈശ്വര്‍ ക്യാമറയും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Content Highlight: Nanpakal Nerathu Mayakkam movie synopsis