| Sunday, 8th August 2021, 9:13 pm

'നന്മയുള്ള ലോകമേ' വിവാദത്തില്‍; സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ് ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നുവെന്ന് വരികളെഴുതിയ മാധ്യമപ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളക്കരയാകെ നെഞ്ചിലേറ്റിയ പാട്ടാണ് നന്മയുള്ള ലോകമേ. വാര്‍ത്താ ചാനലായ ന്യൂസ് 18 കേരളം പുറത്തിറക്കിയ ഈ പാട്ട് പ്രളയം നേരിട്ട കേരളത്തിന്റെ അതിജീവനഗാനമായിട്ടാണ് അറിയപ്പെടുന്നത്.

ഇപ്പോള്‍ ഈ പാട്ട് വിവാദത്തിലായിരിക്കുകയാണ്. പാട്ടിന് സംഗീതം നല്‍കി പാടിയ ഇഷാന്‍ ദേവ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് പാട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ പറയുന്നത്.

താന്‍ ചെന്നൈയിലായിരുന്ന സമയത്താണ് നന്മയുള്ള ലോകമേ ചെയ്തത് എന്നാണ് ഇഷാന്‍ അഭിമുഖത്തില്‍ പറയുന്നത്. കേരളത്തിലേക്ക് വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നെങ്കിലും ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും അയച്ചുകൊടുക്കുന്നതടക്കമുള്ള പല പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കാളിയായിരുന്നെന്നും അതെല്ലാമാണ് ഈ പാട്ടിന്റെ പിറവിക്ക് കാരണമായതെന്നും ഇഷാന് പറഞ്ഞിരുന്നു.

ഈ കാര്യങ്ങള്‍ വീഡിയോ ആക്കാമെന്നും അതിന് മ്യൂസിക് ചെയ്യാമെന്നും ഒരു സുഹൃത്തിനോട് പറയുകയും അങ്ങനെ ആ പാട്ട് എഴുതുകയുമായിരുന്നുവെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.

എന്നാല്‍ പല കാര്യങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കിക്കൊണ്ടാണ് ഇഷാന്‍ സംസാരിക്കുന്നതെന്നും പാട്ടിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ പേരിലാക്കാനുള്ള ശ്രമങ്ങളുമാണ് നടക്കുന്നതെന്നാണ് അഭിമുഖത്തിന്റെ വീഡിയോക്ക് വന്ന കമന്റുകളില്‍ പറയുന്നത്.

പാട്ടിന് വരികളെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജോയ് തമലവും വിഷയത്തില്‍ ഇഷാനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ‘നന്മയുള്ള ലോകമേ’ എന്ന അതിജീവന ഗാനം എങ്ങനെയാണ് ഉയിര്‍കൊണ്ടതെന്ന് കവിയായ എനിക്കും ന്യൂസ് 18 കേരളം എന്ന ചാനലിനും നന്നായി അറിയാം.

ഇഷാന്‍ ദേവെന്ന സംഗീത സംവിധായകന്‍ ഒരുളുപ്പുമില്ലാതെ നുണ പറയുന്നത് കേട്ട് ലജ്ജ തോന്നുന്നു. അറപ്പുളവാക്കുന്ന ഇത്തരം അഭിമുഖങ്ങള്‍ ഒഴിവാക്കാമായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ആ അഭിമുഖം തിരുത്തണമെന്നാണ് അപേക്ഷ.

നുണപറഞ്ഞ് ക്രെഡിറ്റ് എടുക്കുന്നവര്‍ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലെന്ന് പറയും. സത്യം അറിയുന്ന മലയാളികള്‍ ലോകമെങ്ങും ഉണ്ട്.അവര്‍ക്കെന്റെ സ്‌നേഹാഭിവാദ്യങ്ങള്‍,’ ജോയ് തമലം വീഡിയോക്ക് താഴെ എഴുതിയ കമന്റില്‍ പറയുന്നു.

ഇഷാന്‍ ദേവിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nanmayulla Lokame song controversy, writer Joy Thammalam against composer Ishaan Dev

We use cookies to give you the best possible experience. Learn more