Advertisement
Daily News
'നന്മ നിറഞ്ഞവളെ സ്വസ്തി' എന്ന പുസ്തകത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് സിസ്റ്റര്‍ മേരി ചാണ്ടി മറുപടി പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 May 04, 03:24 am
Friday, 4th May 2012, 8:54 am

“ആത്മീയത എന്നു പറയുന്നത് നമ്മുടെ ശരീരത്തിനും മനസ്സിനുമൊക്കെ ഒത്തിരി വേദനകള്‍ അനുഭവപ്പെടുന്ന സംഭവങ്ങളുണ്ട്. നമ്മള്‍ സുഖം തേടി പോയിക്കഴിഞ്ഞാല്‍ ഒരാത്മീയതയും അവിടെയുണ്ടാവില്ല.”

ആത്മീയത എന്ന പദത്തിന്റെ അര്‍ത്ഥം വിവരിച്ചുകൊണ്ടാണ് സിസ്റ്റര്‍ മേരി ചാണ്ടി “നന്മ നിറഞ്ഞവളെ സ്വസ്തി” എന്ന പുസ്തകമെഴുതിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങിയത്. വിശ്വാസം എന്താണെന്നും ആത്മീയത എന്താണെന്നും അറിയാത്തവരാണ് ഇപ്പോള്‍ പുണ്യാവാള വേഷം കെട്ടി നടക്കുന്നത്. കന്യാ സ്ത്രീ മഠങ്ങള്‍ പ്രതികരണ ശേഷിയില്ലാത്ത കുറേ ആളുകളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയിരിക്കുന്നു. പ്രതികരിച്ചാല്‍ അവര്‍ വേശ്യയെന്നോ തീവ്രവാദിയെന്നോ നക്‌സലൈറ്റ് എന്നോ വിളിക്കും.

“അവരെന്തു തെറ്റു ചെയ്താലും അതിനെ മറികടക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാന്‍ പാടില്ല. അവന്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ അവന്‍ പിന്നെ സമൂഹത്തിനെതിരായി നക്‌സലൈറ്റുകളായി തീവ്രവാദികളായി അങ്ങനെ പിന്നെ ചിത്രീകരിക്കപ്പെടും.”

കന്യാസ്ത്രീ മഠത്തില്‍ നടക്കുന്ന അനീതികളും അക്രമങ്ങളും പുറത്തു പറയാനും ഇതേകുറിച്ച് പ്രതികരിക്കാനും ആര്‍ക്കും ധൈര്യമില്ല. അവിടേയ്ക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. അത് തന്റെ കര്‍ത്തവ്യമാണ്. മേരി ചാണ്ടി വിവരിക്കുന്നു.
“പല കാരണങ്ങളാലും പല സ്ഥലങ്ങളിലും പലതും സംഭവിക്കുന്നുണ്ട്. പക്ഷേ ഇതു പുറത്തു പറയുന്നതിന് അതിനകത്തു നില്‍ക്കുന്നവര്‍ക്ക് കഴിയില്ല. അതിനെ പറ്റിയിട്ട് ഒരു ചെറിയ സൂചന കൊടുത്തുകഴിഞ്ഞാല്‍ വരുന്ന  തലമുറയ്ക്ക് അതിലേയ്ക്ക് കടക്കാതെ കണ്ട് ഇരിക്കാന്‍, ഈ അനുഭവം അവര്‍ക്കുണ്ടാതെ ഇരിക്കാന്‍ സാധിക്കും എന്നാണ് എന്റെ അഭിപ്രായം.”

വൈദികര്‍ക്കെതിരെയും കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങളുമായി ഒരു പുസിതകം ഇറങ്ങാന്‍ പോകുന്നുവെന്നു കേട്ടതുമുതല്‍ അസ്വസ്ഥരായവര്‍ പലതരത്തിലും ഭീഷണിപ്പെടുത്തുന്നുണ്ട്. വേശ്യകളെന്നാണ് ചിലരുടെ സംസാരം. എല്ലാറ്റിനും മേറി ചാണ്ടിക്ക് മറുപടിയുണ്ട്.

“വൈദികര്‍ പള്ളിയില്‍ പൊതുവായിട്ട് പറഞ്ഞു ഞാന്‍ വേശിയാണെന്ന്. അതു പറയുന്നത് കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചതേയുള്ളു. ഞാന്‍ അവരോട് പ്രതികരിക്കാന്‍ പോയില്ല. അപ്പോള്‍ ആ വ്യക്തി എന്റടുത്തുണ്ടാകണം.”

മനുഷ്യത്വത്തിലാണ് താന്‍ ദൈവത്തെ കാണുന്നതെന്നും ജീവിക്കാനാവുന്നതുവരെ കന്യാസ്ത്രീയായി തുടരുമെന്നും പ്രഖ്യാപിച്ചുകൊണ്ട് മേരി ചാണ്ടി അവരുടെ വാക്കുകള്‍ അവസ്സാനിപ്പിക്കുന്നു.