| Friday, 19th June 2020, 4:53 pm

'തിരിച്ചുതരണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു, അടുത്തിരുന്ന് എന്റെ പാട്ട് കേള്‍ക്കാന്‍ ഇനി സച്ചി സാറില്ല'; നഞ്ചിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടിയുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകന്‍ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് നഞ്ചിയമ്മ. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ആദിവാസി കലാകാരിയായി നഞ്ചിയമ്മ പാടിയ പാട്ടുകള്‍
സച്ചിയ്ക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.

മകളെ നഷ്ടപ്പെട്ട് നെഞ്ചുതകര്‍ന്ന് ഒരമ്മ പാടുന്ന പാട്ടായിരുന്നു ദൈവ മകളേ എന്ന ഗാനം. സച്ചിയ്ക്ക് ഏറ്റവും പ്രിയവും ഈ പാട്ടിനോടായിരുന്നു.

സച്ചി സാറില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തന്നെ നാടറിയുന്ന പാട്ടുകാരിയാക്കിയത് സച്ചിസാറാണെന്നും നഞ്ചിയമ്മ പറയുന്നു.

‘എന്നെ ഇത്രയെത്തിച്ചത് സച്ചി സാറാണ്.. ഒന്നും പറയാനില്ല. സച്ചി സാര്‍ പോയി. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. എന്റെ മനസിലുള്ളതൊന്നും പുറത്തുവരുന്നില്ല. വിഷമം മാത്രമേ ഉള്ളൂ.

ഇനി അദ്ദേഹത്തെ കിട്ടുമോ.. അദ്ദേഹത്തെപ്പോലൊരാളെ ഇനി കിട്ടുമോ. ആശുപത്രിയിലായിരുന്നത് അറിഞ്ഞിരുന്നു. കാണാനായി തൃശൂരിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു.

നഞ്ചമ്മചേച്ചീ, ഞങ്ങള്‍ വീട്ടിലേക്ക് വരുമെന്നും എല്ലാവരേയും കാണുമെന്നും ആശുപത്രിയിലാകുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.
കുടുംബത്തോടെ വരണമെന്ന് ഞാനും പറഞ്ഞു. ചിരിച്ച് കളിച്ചാണ് അന്ന് പിരിഞ്ഞത്.

സച്ചി സാറ് ഞങ്ങള്‍ക്ക് ദൈവമാണ്. അമ്പലത്തില്‍ പോയി തൊഴുന്നതുപോലെയാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടത്. ഗുണമല്ലാതെ ഒന്നും അദ്ദേഹത്തില്‍ കണ്ടിട്ടില്ല. അങ്ങനെയൊരു മനുഷ്യനാണ്.

അദ്ദേഹത്തെ തിരിച്ചുകൊണ്ടുതരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. പക്ഷേ അദ്ദേഹത്തെ കൊണ്ടുപോയി. സച്ചി സാറിനെപ്പോലൊരാളെ ഇനിയൊരിക്കലും കിട്ടില്ല. അടുത്തിരുന്ന് കുറേ പാട്ടുകള്‍ പാടി കൊടുത്തിട്ടുണ്ട്. എന്റെ പാട്ടുകളെല്ലാം അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമായിരുന്നു. ഇനി അതിന് കഴിയില്ല.’. വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നഞ്ചിയമ്മയ്ക്കായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more