| Sunday, 20th November 2022, 11:04 pm

അങ്ങനെ ഇല്ലാത്തത് പറയുന്നത് തെറ്റല്ലേ; അതിനുശേഷം പൃഥ്വിരാജ് സാര്‍ എന്നെ നേരിട്ട് വിളിച്ചു: നഞ്ചിയമ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സച്ചി സംവിധാനം ചെയ്ത് ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച കലാകാരിയാണ് നഞ്ചിയമ്മ. കലക്കാത്ത എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. ഈ പാട്ട് നഞ്ചിയമ്മക്ക് നാഷണല്‍ അവാര്‍ഡും നേടി കൊടുത്തിരുന്നു.

നടന്‍ പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയില്ലെന്ന് നഞ്ചിയമ്മ പറയുന്ന വീഡിയോ ഏറെ വൈറല്‍ ആയിരുന്നു. അന്നത്തെ വീഡിയോയെക്കുറിച്ച് സംസാരിക്കുകയാണ് നഞ്ചിയമ്മ. മൈല്‍ സ്റ്റോണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

”അന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്. എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. അതിന് ശേഷം പൃഥ്വിരാജ് സാര്‍ എന്നെ നേരിട്ട് വിളിച്ചിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അറിയാത്ത ഒരാളെ അറിയുമെന്ന് പറയുന്നത് തെറ്റാണ്.

എന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ സാറിന്റേത് കഴിഞ്ഞിട്ട് തിരിച്ച് പോയിട്ടുണ്ടാകും. സാര്‍ വരുമ്പോഴേക്കും എന്റെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോയിട്ടുണ്ടാകും. അപ്പോള്‍ എങ്ങനെ കണ്ട് മുട്ടാന്‍ പറ്റും. പൃഥ്വിരാജിനെ അറിയുമോയെന്ന് ചോദിച്ചു എനിക്ക് അറിയില്ലെന്ന് പറഞ്ഞു. ബിജു മേനോനെ അറിയുമോയെന്ന് ചോദിച്ചു അറിയില്ലെന്ന് പറഞ്ഞു.

ഈ പാട്ട് ഏത് പടത്തിലേതാണെന്ന് ചോദിച്ചപ്പോള്‍ എന്റെതാണോയെന്ന് ചോദിച്ചു. അതിന്റെ കൂടെ ആ നേരത്ത് ഞാന്‍ ചിരിച്ചു. എനിക്ക് ചിരി വന്നത് കൊണ്ടാണ് ചിരിച്ചത്. പണി എടുക്കുന്ന സമയത്താണ് അത് എടുത്തത്. അതില്‍ പിന്നെ എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അതാണ് എന്റെ ആ വാക്ക് മാത്രം കിട്ടിയത്.

അതില്‍ ഞാന്‍ കാണാത്ത ആളെ കണ്ടു എന്ന് പറയുന്നത് മോശമാണ്. നമ്മളെവിടെയും പോയിട്ട് അവരെ കണ്ടിട്ടില്ല. അങ്ങനെ ഇല്ലാത്തത് പറയുന്നത് തെറ്റല്ലേ. സിനിമയില്‍ അഭിനയിച്ചത് നല്ല അനുഭവമാണ് എനിക്ക് തന്നത്,” നഞ്ചിയമ്മ പറഞ്ഞു.

അതേസമയം, നഞ്ചിയമ്മ ആലപിച്ച പുതിയ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. സിഗ്‌നേച്ചര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് നഞ്ചിയമ്മ പുതിയ പാട്ട് പാടിയത്. ചിത്രത്തില്‍ അവര്‍ അഭിനയിക്കുന്നുമുണ്ട്. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍, അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്രവര്‍ഗക്കാരും അഭിനയിക്കുന്നുണ്ട്.

content highlight: nanjiyamma about her viral video

Latest Stories

We use cookies to give you the best possible experience. Learn more