തെലുങ്ക് നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് നാനി.
ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാളത്തിലും പ്രിയങ്കരനാവാൻ നാനിക്ക് കഴിഞ്ഞിരുന്നു. ഈച്ച, ജേഴ്‌സി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ താരമായി ഉയർന്ന നാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹേയ് നാണ്ണാ.
താരത്തിന് മലയാള സിനിമയോടുള്ള ഇഷ്ടവും താത്പര്യവും ഒരുപാട് അഭിമുഖങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ തനിക്ക് റീമേക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമയെക്കുറിച്ച് പറയുകയാണ് നാനി.
മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഒരു സിനിമ റീമേക്ക് ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വമായിരിക്കുമെന്നും മലയാളത്തിൽ നിന്ന് ഒരു നടനെ തന്റെ സിനിമയിലേക്ക് തെരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ മോഹൻലാലിനെ ചൂസ് ചെയ്യുമെന്നും നാനി പറയുന്നു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘മലയാളത്തിൽ നിന്ന് ഒരു സിനിമ റീമേക്ക് ചെയ്യുകയാണെങ്കിൽ മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വമായിരിക്കും ഞാൻ ചെയ്യുക. അതുപോലെ ഭീഷ്മ പർവ്വം സിനിമയുടെ തിയേറ്ററർ എക്സ്പീരിയൻസ് എനിക്ക് വേണമെന്ന് തോന്നിയിട്ടുണ്ട്. ലാൽ സാറിന്റെ ലൂസിഫർ പോലെയാണ് മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വം.
എന്റെ ഒരു സിനിമയിലേക്ക് മലയാളത്തിൽ നിന്ന് ഒരാളെ കാസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും തെരഞ്ഞെടുക്കുക മോഹൻലാൽ സാറിനെ ആയിരിക്കും. അദ്ദേഹത്തിന്റെ ലൂസിഫർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്,’നാനി പറയുന്നു.
മലയാളത്തിൽ സംവിധായകൻ അമൽ നീരദിനൊപ്പവും ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പവും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അൽഫോൺസ് പുത്രൻ ഒരു മികച്ച സംവിധായകൻ ആണെന്നും നാനി കൂട്ടിച്ചേർത്തു.
Content Highlight: Nani Talk Says That He Wants To Remake Bheeshma Parvvam Movie