| Monday, 27th November 2023, 5:51 pm

എന്നും പ്രചോദനം മലയാള ചിത്രങ്ങൾ, സിനിമകളിലൂടെ സ്നേഹം തിരിച്ചു നൽകേണ്ടത് എന്റെ കടമ: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് വലിയ രീതിയിൽ ആരാധകരെ സൃഷ്ടിച്ച താരമാണ് നടൻ നാനി. ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച നാനി ഇന്ന് ഏറെ ആരാധകരുള്ള ഒരു നായക നടനാണ്. നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന നാനിക്ക് കേരളത്തിലും ഒരുപാട് സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടുണ്ട്.

തന്നെ സംബന്ധിച്ച് മലയാള സിനിമ വളരെ സ്പെഷ്യൽ ആണെന്നും മലയാളത്തിലെ സിനിമകൾ വലിയ രീതിയിൽ തനിക്ക് പ്രചോദനമാകാറുണ്ട് എന്നും താരം പറയുന്നു. പുതിയ ചിത്രം ‘ഹായ് നാണ്ണ’യുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

‘എന്നെ സംബന്ധിച്ച് മലയാള സിനിമ വളരെ സ്പെഷ്യലാണ്. മലയാള സിനിമ എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എല്ലാ മലയാള സിനിമകളും കാണാറുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അത് ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്.

അതിലെ പ്രകടനങ്ങൾ ആണെങ്കിലും കണ്ടന്റ് ആണെങ്കിലും മേക്കിങ്ങാണെങ്കിലും തുടർച്ചയായി എനിക്ക് പ്രചോദനമാവുന്നുണ്ട്. മലയാള സിനിമയിലെ ടെക്നിഷ്യൻമാരാണെങ്കിലും അവരുടെ കഷ്ടപ്പാടുകളാണെങ്കിലും എന്നെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

ഇവിടുത്തെ പ്രേക്ഷകരിൽ നിന്ന് വലിയ സ്നേഹമാണ് എനിക്കും എന്റെ സിനിമകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമകളിലൂടെ അത് തിരിച്ചു നൽകുകയെന്നത് എന്റെ കടമയാണ്.

ഞാൻ എപ്പോൾ കേരളത്തിൽ വന്നാലും ഇവിടെയുള്ള എല്ലാവരും എന്നെ ഒരുപാട് സ്നേഹത്തോടെ സ്വാഗതം ചെയ്യാറുണ്ട്.

എന്റെ പുതിയ ചിത്രം ഹായ്‌ നാണ്ണ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാവുമെന്ന് എനിക്കുറപ്പുണ്ട്. ഞാൻ അതിനായി കാത്തിരിക്കുകയാണ്,’ നാനി പറയുന്നു.

മൃണാൽ താക്കൂർ നായികയാവുന്ന ചിത്രം ഡിസംബർ 7നാണ് തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറുകളും പാട്ടുകളും സോഷ്യൽ മീഡിയയിലെ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Nani Talk About Malayalam Cinema

We use cookies to give you the best possible experience. Learn more