'ഭ്രാന്തനെ ആരെങ്കിലും കണ്ടിട്ടുണ്ടോ'; 'സരിപോദാ ശനിവാരം' റിലീസ് ഡേറ്റും ബർത്ത്ഡേ സ്പെഷ്യൽ ‌ടീസറും
Film News
'ഭ്രാന്തനെ ആരെങ്കിലും കണ്ടിട്ടുണ്ടോ'; 'സരിപോദാ ശനിവാരം' റിലീസ് ഡേറ്റും ബർത്ത്ഡേ സ്പെഷ്യൽ ‌ടീസറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 1:43 pm

പ്രേക്ഷകരുടെ പ്രിയതാരമായ നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘സരിപോദാ ശനിവാരം’ ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിനോടൊപ്പം ചിത്രത്തിന്റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മാസ്സ് ആക്ഷൻ രം​ഗങ്ങളോടെ കളർഫുളായെത്തിയ ടീസർ നാനിയുടെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. സൂര്യ എന്ന കഥാപാത്രമായ് നാനി വേഷമിടുന്ന ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളിലെത്തും.

വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഡി.വി.വി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡി.വി.വി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായിക. തമിഴ് താരം എസ്. ജെ. സൂര്യയും സുപ്രധാനമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.

‘എന്റെ സുന്ദരനികി’ പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകനാണ് വിവേക് ആത്രേയ. നാനിയും വിവേകും ആദ്യമായ് ഒന്നിച്ച ഈ ചിത്രത്തിൽ വളരെ സോഫ്റ്റായ കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചത്. എന്നാൽ ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ ‘സരിപോദാ ശനിവാരം’ത്തിൽ പരുക്കൻ ലുക്കിലാണ് നാനി പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായ് പുറത്തിറങ്ങുന്ന പാൻ ഇന്ത്യ സിനിമയാണ് ‘സരിപോദാ ശനിവാരം’.

ഛായാഗ്രഹണം: മുരളി ജി., ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, ആക്ഷൻ: രാം-ലക്ഷ്മൺ, മാർക്കറ്റിങ്: വാൾസ് ആൻഡ് ട്രൻഡ്സ്, പി.ആർ.ഒ: ശബരി.

Content Highlight: Nani’s birthday special glimpse out