| Friday, 23rd August 2024, 8:36 pm

പ്രഭാസിനെ കളിയാക്കിയതോടെ അയാള്‍ക്ക് കരിയറില്‍ ഇതുവരെ കിട്ടാത്ത പബ്ലിസിറ്റി കിട്ടിയല്ലോ: അര്‍ഷദ് വാര്‍സിക്കെതിരെ നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് നാനി. രാജമൗലി സംവിധാനം ചെയ്ത ഈഗയിലൂടെയാണ് നാനി ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സെലക്ഷനിലൂടെയും മികച്ച അഭിനയത്തിലൂടെയും വളരെ പെട്ടെന്ന് തെലുങ്കിലെ മുന്‍നിരയിലേക്ക് നാനി എത്തിച്ചേര്‍ന്നു. നാച്ചുറല്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന നാനിയുടെ ഏറ്റും പുതിയ ചിത്രമാണ് സരിപ്പോധാ സനിവാരം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ ബോളിവുഡ് താരം അര്‍ഷാദ് വാര്‍സിയെക്കുറിച്ച് നാനി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ ദിവസമാണ് അര്‍ഷാദ് വാര്‍സി കല്‍ക്കിയിലെ പ്രഭാസിനെക്കുറിച്ച് സംസാരിച്ചത്. പ്രഭാസിന്റെ പ്രകടനം കണ്ട് കോമാളിയായി തോന്നിയെന്നാണ് അര്‍ഷാദ് വര്‍സി പറഞ്ഞത്.

ഇതിനെതിരെയാണ് നാനി പ്രതികരിച്ചത്. ബോളവുഡില്‍ പോലും അധികം പ്രശസ്തനല്ലാത്ത ഒരാളെപ്പറ്റി ഇങ്ങ് ആന്ധ്രയിലെ പ്രസ്മീറ്റില്‍ വരെ സംസാരിക്കേണ്ടി വന്നല്ലോ എന്ന് നാനി പറഞ്ഞു. ഇത്രയും കാലം പല സിനിമയിലും അഭിനയിച്ചിട്ട് കിട്ടാത്ത പ്രശസ്തി ഈയൊരൊറ്റ സംഭവത്തിലൂടെ അയാള്‍ക്ക് കിട്ടിയല്ലോ എന്നും നാനി കൂട്ടിച്ചേര്‍ത്തു.

അര്‍ഷാദിന്റെ പേര് പരാമര്‍ശിക്കാതെയാണ് നാനി ഇക്കാര്യം പറഞ്ഞത്. സൗത്ത് ഇന്ത്യയെപ്പറ്റി ബോളിവുഡിലുള്ളവര്‍ നല്ലത് പറയാറില്ലല്ലോ എന്ന് ചടങ്ങിലുണ്ടായിരുന്ന തെലുങ്ക് നിര്‍മാതാവ് ദില്‍ രാജുവും കൂട്ടിച്ചേര്‍ത്തു.

‘ബോളിവുഡില്‍ പോലും അധികം ചര്‍ച്ചചെയ്യപ്പെടാത്ത ഒരാളെപ്പറ്റി ഇവിടെ ആന്ധ്രയില്‍ ഇരുന്ന് നമ്മള്‍ സംസാരിക്കുന്നില്ലേ. അയാളുടെ പ്രധാന ഉദ്ദേശം ഇതോടെ നടന്നു. വേറൊന്നും അയാള്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. കരിയറില്‍ ഇതുവരെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ട് കിട്ടാത്ത പ്രശസ്തി ഈയൊരൊറ്റ സംഭവത്തിലൂടെ കിട്ടിയില്ലേ. അത്രയേ അയാള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുള്ളൂ.

ഇത്തരം വാക്കുകളൊക്കെ മൈന്‍ഡ് ചെയ്യാതെ വിടുന്നതാണ് നല്ലത്. വെറുതെ അയാളെപ്പറ്റി നമ്മള്‍ സംസാരിച്ച് അത് കൂടുതല്‍ ആളുകള്‍ അറിഞ്ഞ് അയാള്‍ വീണ്ടും ഫേമസ് ആകുന്ന പരിപാടിയാണ്. അതിനപ്പുറത്തേക്ക് വേറൊന്നും എനിക്ക് ഈ വിഷയത്തില്‍ പറയാനില്ല,’ നാനി പറഞ്ഞു.

Content Highlight: Nani replied to Arshad Warsi’s statement against Prabhas

We use cookies to give you the best possible experience. Learn more