| Wednesday, 31st January 2024, 1:10 pm

നാനിയുടെ പുതിയ ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സിന്: വിറ്റുപോയത് കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും സ്വാഭാവികമായ അഭിനയം കൊണ്ടും തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് നാനി. 2012ല്‍ രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന സിനിമയാണ് കരിയറില്‍ വഴിത്തിരിവായത്. പിന്നീട് ഒരുപിടി മികച്ച സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ സ്വന്തം നാച്ചുറല്‍ സ്റ്റാറായി മാറി. കഴിഞ്ഞ വര്‍ഷം റിലീസായ നാനിയുടെ ദസറ, ഹായ് നാന എന്നീ രണ്ട് സിനിമകളും നിരൂപകരുടെ പ്രശംസക്കൊപ്പം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ സ്വന്തമാക്കി.

അന്‍ടേ സുന്ദരാനികി എന്ന ചിത്രത്തിന് ശേഷം വിവേക് ആത്രേയയോടൊപ്പം ഒന്നിക്കുന്ന സരിപ്പോദാ ശനിവാരം ആണ് നാനിയുടെ അടുത്ത പ്രൊജക്ട്. ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സാണ്. 46 കോടിക്കാണ് റൈറ്റ്‌സ് വിറ്റുപോയത്. നാനിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് നാനിയുടെ സിനിമ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുന്നത്. ശ്യാം സിംഘാ റോയ്, അന്‍ടേ സുന്ദരാനികി, ദസറ, ഹായ് നാനാ എന്നീ സിനിമകളാണ് ഇതിനു മുന്‍പ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയ നാനിയുടെ സിനിമകള്‍.

തമിഴ് താരം എസ്.ജെ. സൂര്യയാണ് സരിപ്പോദാ ശനിവാരത്തിലെ വില്ലന്‍. പ്രിയങ്കാ മോഹനാണ് നായിക. ഗ്യാങ് ലീഡറിന് ശേഷം നാനി-പ്രിയങ്ക കോമ്പോ ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മുരളി.ജി ഛായാഗ്രഹണവും കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയാണ് സംഗീതം. ആര്‍.ആര്‍.ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം ഡി.വി.വി. എന്റര്‍ടൈന്മെന്റ്‌സ് നിര്‍മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2024 ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തും.

Content Highlight: Nani new movie OTT rights sold to Netflix

We use cookies to give you the best possible experience. Learn more