Film News
കെ.ജി.എഫും പുഷ്പയും ഒന്നിച്ചൊരു വേര്‍ഷന്‍; നാനിയും കീര്‍ത്തി സുരേഷുമെത്തുന്ന 'ദസറ' സ്പാര്‍ക്ക് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 20, 07:05 am
Sunday, 20th March 2022, 12:35 pm

തെലുങ്കു താരം നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം ദസറയുടെ സ്പാര്‍ക്ക് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നാനി വീഡിയോയിലെത്തിയിരിക്കുന്നത്. എസ്.എല്‍.വി സിനിമാസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കെ.ജി.എഫും പുഷ്പയും ഒന്നിച്ചൊരു വേര്‍ഷന്‍ എന്നാണ് വീഡിയോയ്ക്ക് വന്ന ഒരു കമന്റ്. ശ്യാം സിംഘ റോയിയാണ് അവസാനമായി ഇറങ്ങിയ നാനിയുടെ ചിത്രം. മികച്ച അഭിപ്രായം നേടിയ ചിത്രത്തില്‍ സായ് പല്ലവിയായിരുന്നു നായിക.

ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് കീര്‍ത്തിയെ ആയിരുന്നു. എന്നാല്‍ രജനി കാന്ത് ചിത്രം അണ്ണാത്തെയില്‍ അഭിനയിക്കാനായി ശ്യാം സിംഘ റോയി താരം വേണ്ടെന്ന് വെക്കുകയായിരുന്നു.

എന്തായാലും ദസറയിലൂടെ കീര്‍ത്തിയും നാനിയും ഒന്നിക്കുകയാണ്. ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂറി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനാണ് ചെയ്യുന്നത്.

സംഗീതം-സന്തോഷ് നാരായണന്‍, എഡിറ്റര്‍- നവിന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍-അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിജയ് ചഗന്തി, പി.ആര്‍.ഒ-എ. എസ്. ദിനേശ്, ശബരി.


Content Highlight: nani keerthy suresh new movie dasara spark video