Film News
വലിയ സ്‌ക്രീനില്‍ മോഹന്‍ലാല്‍ സാറിന്റെ ഫാന്‍സിനൊപ്പം ആ സിനിമ കാണണമെന്നുണ്ട്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 23, 07:53 am
Thursday, 23rd March 2023, 1:23 pm

മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ തനിക്ക് തിയേറ്ററില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് നടന്‍ നാനി. അദ്ദേഹത്തിന്റെ ഫാന്‍സിനൊപ്പമുള്ള തിയേറ്റര്‍ എക്‌സ്പീരിയന്‍സ് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിനിടയില്‍ കേരളത്തിലെ തിയേറ്ററിലിരുന്ന് ഒരു മലയാള സിനിമ കാണാന്‍ അവസരം ലഭിച്ചാല്‍ അത് ഏതായിരിക്കുമെന്ന ചോദ്യത്തിന് താന്‍ ലൂസിഫര്‍ തെരഞ്ഞെടുക്കുമെന്നാണ് നാനി പറഞ്ഞത്. ‘എനിക്ക് ആ സിനിമ വളരെ ഇഷ്ടമാണ്. ഞാന്‍ ആ സിനിമ ഒ.ടി.ടിയിലാണ് കണ്ടത്. അത് വലിയ സ്‌ക്രീനില്‍ മോഹന്‍ലാല്‍ സാറിന്റെ ഫാന്‍സിനൊപ്പം കാണണമെന്നുണ്ട്. ആ എക്‌സ്പീരിയന്‍സ് അനുഭവിക്കണമെന്നുണ്ട്,’ നാനി പറഞ്ഞു.

സൂപ്പര്‍ സ്റ്റാര്‍ എന്ന് ആളുകള്‍ വിളിക്കുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. ‘ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാറൊന്നുമല്ല. തെലുങ്ക് സിനിമയില്‍ സൂപ്പര്‍ സ്റ്റാറെന്ന് പറഞ്ഞാല്‍ മഹേഷ് ബാബുവാണ്. ആളുകള്‍ എന്നെ അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. എന്നാല്‍ സൂപ്പര്‍ സ്റ്റാറല്ലെന്ന് ഞാന്‍ ക്ലാരിഫൈ ചെയ്തതാണ്.

തെലുങ്കില്‍ ആ ടാഗ് മഹേഷ് ബാബുവിനാണ് ജനങ്ങള്‍ കൊടുത്തിരിക്കുന്നത്. തെലുങ്ക് ഓഡിയന്‍സിനോട് സൂപ്പര്‍ സ്റ്റാറെന്ന് പറഞ്ഞാല്‍ അവര്‍ ആദ്യം ഓര്‍ക്കുക കൃഷ്ണ മൂര്‍ത്തിയെ ആയിരിക്കും, അത് കഴിഞ്ഞാല്‍ മഹേഷ് ബാബുവിനെ,’ നാനി പറഞ്ഞു.

ദസറയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന നാനിയുടെ ചിത്രം. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് വില്ലന്‍. തെന്നിന്ത്യയാകെ വലിയ പ്രൊമോഷനാണ് ചിത്രത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഒഡേലയാണ്. സത്യന്‍ സൂര്യന്‍ ഐ.എസ്.സി ഛായാഗ്രാഹണവും വിന്‍ നൂലി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്ട്. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight: nani about mohanlal and lucifer