| Monday, 27th March 2023, 7:54 pm

മലയാളത്തില്‍ ഏത് സിനിമ റിലീസായാലും മറ്റ് ഇന്‍ഡസ്ട്രികള്‍ ചര്‍ച്ച ചെയ്യുന്ന കാര്യം ഇതാണ്: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ മികച്ച സിനിമകള്‍ വരുന്നുണ്ടെന്നും രാജ്യത്തെ എല്ലാ ഇന്‍ഡസ്ട്രികളും മലയാള സിനികളെ ശ്രദ്ധിക്കുന്നുണ്ടെന്നും നാനി. അയ്യപ്പനും കോശിയും, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും നാനി പറഞ്ഞു.

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മാത്രമല്ല. ഈ രാജ്യം മുഴുവന്‍ മലയാള സിനിമയിലെ കഥയേയും തിരക്കഥയേയും ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. എല്ലാ ഇന്‍ഡസ്ട്രിയും മികച്ചതെന്തെങ്കിലും കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയെ നോക്കിയാല്‍ അവരും ഇപ്പോള്‍ വ്യത്യസ്തമായ കണ്ടന്റുകള്‍ പരീക്ഷിച്ചു തുടങ്ങി. ആര്‍.ആര്‍.ആര്‍ പോലെ ഗ്ലോബലി അത്തരം സിനിമകള്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

മലയാളം സിനിമയെ കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പേള്‍ നമ്മള്‍ ആദ്യം ചിന്തിക്കുക എത്ര രസകരമായ കണ്ടന്റുകളാണ് മലയാള സിനിമയില്‍ നിന്ന് വരുന്നതെന്നാണ്. മലയാളത്തില്‍ ഏത് സിനിമ റിലീസായാലും ആദ്യം മറ്റ് ഇന്‍ഡസ്ട്രികള്‍ ചര്‍ച്ച ചെയ്യുന്നത് ഇത് കൊള്ളാം റീമേക്ക് ചെയ്യാമെന്നാണ്. അത്രയും മനോഹരമായ സിനികള്‍ മലയാളത്തിലുണ്ട്.

ലോക്ഡൗണ്‍ സമയത്ത് മലയാള സിനിമ കുറച്ചുകൂടി ഗ്ലോബലി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി,’ നാനി പറഞ്ഞു.

അയ്യപ്പനും കോശിയും, ലൂസിഫര്‍, ഇഷ്ഖ്, തല്ലുമാല, മലയന്‍കുഞ്ഞ് തുടങ്ങിയ സിനിമകള്‍ ഏറെ ഇഷ്ടപ്പെട്ടെന്നും നാനി പറഞ്ഞു.

ദസറയാണ് നാനിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഇന്ത്യയില്‍ ഉടനീളം ആഘോഷിക്കപ്പെടുന്ന ദസറയുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നാനി നായകനായെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് വില്ലന്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കു പുറമെ ദീക്ഷിത് ഷെട്ടി, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Nani about Malayalam film industry

We use cookies to give you the best possible experience. Learn more