കുറഞ്ഞ കാലം കൊണ്ട് വലിയ രീതിയിൽ ആരാധകരെ സൃഷ്ടിച്ച അന്യഭാഷ താരമാണ് നാനി. തെരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും വ്യത്യസ്തമായ പ്രകടനത്തിലൂടെയും മലയാളികളുടെയും ഇഷ്ടം പിടിച്ചുപറ്റാൻ നാനിക്ക് കഴിഞ്ഞിട്ടുണ്ട്. നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രം സരിപോത്ത ശനിവാരം റിലീസിന് ഒരുങ്ങുകയാണ്.
മലയാള സിനിമയെ കുറിച്ച് പറയുകയാണ് നാനി. ഈയിടെ താൻ മഞ്ഞുമ്മൽ ബോയ്സും ആവേശവും കണ്ടെന്നും രണ്ടും ഒരുപാടിഷ്ടപ്പെട്ടെന്നും നാനി പറയുന്നു. ഒരു മികച്ച സിനിമ മാത്രം തെരഞ്ഞെടുക്കുന്നത് പ്രയാസമാണെന്നും ഈ വർഷം മാത്രം എത്ര മികച്ച ചിത്രങ്ങളാണ് ഇവിടെ റിലീസ് ചെയ്തതെന്നും നാനി ചോദിച്ചു.
മലയാളത്തിലെ എല്ലാവരെയും വെച്ചൊരു സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആ സാധ്യത മലയാളത്തിൽ മാത്രമേയുള്ളൂവെന്നും നാനി പറഞ്ഞു. പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നാനി.
‘മലയാളത്തിൽ അങ്ങനെ ഒരുപാട് സിനിമകളുണ്ട്. ഈയിടെ ഞാൻ മഞ്ഞുമ്മൽ ബോയ്സ് കണ്ടു. അത് ഔട്ട് ഓഫ് ദി വേൾഡ് ആയ ഒരു സിനിമയാണ്. അതുപോലെ തന്നെയാണ് ആവേശവും. ഭീഷ്മ പർവ്വം ഞാൻ കണ്ടിരുന്നു. ഇതെനിക്ക് ഒരുപാടിഷ്ടപ്പെട്ടു . കണ്ണൂർ സ്‌ക്വാഡ് ഞാൻ ശ്രദ്ധിച്ചിരുന്നു.
പ്രേമലു അടിപൊളിയാണെന്ന് ഞാൻ കേട്ടു. ആടുജീവിതം ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ അത് ബ്രില്യന്റ് ആണെന്ന് എനിക്കറിയാം. അങ്ങനെ എത്ര സിനിമകളാണ് മലയാളത്തിൽ. അവയിൽ നിന്ന് ഒന്നെടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഈ വർഷം ഇവിടെ ഇറങ്ങുന്നതെല്ലാം മികച്ച ചിത്രങ്ങളാണല്ലോ. ബാക്ക് ടൂ ബാക്ക് ഹിറ്റ് ചിത്രങ്ങളാണ് മലയാളം നൽകികൊണ്ടിരിക്കുന്നത്.
എനിക്ക് എല്ലാവരെയും വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ആ സാധ്യത മലയാള സിനിമയിലുണ്ട്. അത് വേറൊരു ഇൻഡസ്ട്രിയിലും സാധിക്കില്ല. എനിക്ക് തോന്നുന്നില്ല തമിഴിലും തെലുങ്കിലുമൊന്നും എല്ലാ അഭിനേതാക്കൾക്കും തുല്യ പ്രാധാന്യം നൽകുന്ന എത്ര നല്ല സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞാലും അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.