| Tuesday, 3rd December 2024, 9:38 am

ആ കഥയിൽ അല്ലുവിന് നല്ല ആകാംക്ഷയുണ്ടായിരുന്നു, ചിലപ്പോൾ ഞങ്ങളത് ചെയ്യും: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി.

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂള്‍ ഒരു സിനിമാറ്റിക് വിസ്മയമായി മാറാന്‍ ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 5ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്.

അല്ലു അർജുനൊപ്പം പ്ലാൻ ചെയ്ത് നടക്കാതെ പോയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടൻ നാനി. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് നാനി. ഒരു സംവിധായകനാവണമെന്ന ആഗ്രഹത്തോടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നാനി ചില സിനിമകളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. സഹ സംവിധായകനായി പ്രവർത്തിച്ച സമയത്ത് അല്ലു അർജുന്റെയടുത്ത് ഒരു കഥ പറയാൻ പോയിട്ടുണ്ടെന്നും ആ കഥ അല്ലുവിന് ഇഷ്ടമായിരുന്നുവെന്നും നാനി പറയുന്നു. ചിലപ്പോൾ ആ സിനിമ സംഭവിച്ചേക്കാമെന്നും നാനി പറഞ്ഞു.

‘ഞാൻ സഹസംവിധായകനായി വർക്ക്‌ ചെയ്തിരുന്ന സമയത്ത് അല്ലു അർജുന്റെ അടുത്ത് ഒരു കഥ പറയാൻ പോയിട്ടുണ്ട്. ഞങ്ങൾ ചിലപ്പോൾ അത് ചെയ്യുമായിരുന്നു. അല്ലുവിന് കഥ കേട്ടപ്പോൾ വലിയ ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ കാണുമ്പോഴും ഞങ്ങൾ തമാശയായി അത് പറയാറുണ്ട്. പക്ഷെ ഞാൻ അഭിനയത്തിലേക്ക് വന്നത് കൊണ്ട് ഇനി ആ സിനിമ സംഭവിക്കുമോയെന്ന് എനിക്കറിയില്ല. പക്ഷെ അന്ന് ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

അല്ലു അർജുൻ നല്ല എക്സൈറ്റഡായിരുന്നു. എനിക്കും വലിയ ആകാംക്ഷയുണ്ടായിരുന്നു. ഇപ്പോൾ കാണുമ്പോഴും ഞങ്ങൾ ചോദിക്കും, ആ കഥ ഓർമയുണ്ടോയെന്ന്.

പക്ഷെ ഇപ്പോൾ ട്രാക്കൊക്കെ മുഴുവൻ മാറിയില്ലേ. ഇനി അത് നടക്കുമോയെന്ന് അറിയില്ല. ഇനി അത് നടക്കുമോയെന്ന് ചോദിച്ചാൽ, സംവിധാന രംഗത്തേക്കൊന്നും ഞാൻ ഇനി പോവുമെന്ന് വിചാരിക്കുന്നില്ല. അറിയില്ല,’നാനി പറയുന്നു.

Content Highlight: Nani About A Movie With Allu Arjun

We use cookies to give you the best possible experience. Learn more