Movie Day
ഞാന്‍ വര്‍ക്ക് ചെയ്ത ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല; തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 21, 10:40 am
Monday, 21st June 2021, 4:10 pm

മലയാളസിനിമയില്‍ ഒട്ടനവധി ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നന്ദു പൊതുവാള്‍. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ നന്ദു പ്രൊഡക്ഷന്‍ കണ്‍ട്രോളറായും സിനിമയില്‍ ജോലി നോക്കിയിരുന്നു.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷം നന്ദുവിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. വെട്ടം സിനിമയിലെ ട്രെയിനിലെ യാത്രക്കാരന്റെ വേഷമാണ് നന്ദുവിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം.

പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്നതാണോ അഭിനയമാണോ ഇഷ്ടം എന്ന ചോദ്യത്തിന് നന്ദു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു മനസ്സുതുറന്നത്.

‘അഭിനയമാണ് എന്റെ എന്‍ജോയ്‌മെന്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് എന്റെ വരുമാനമാണ്. ഞാന്‍ വര്‍ക്ക് ചെയ്ത പടത്തിലെ അഭിനയത്തിന് എനിക്ക് ഇതുവരെ പൈസ കിട്ടിയിട്ടില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടുള്ള ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല.

ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും. അതേസമയം വേറൊരു ആര്‍ട്ടിസ്റ്റിനെ വെച്ചാല്‍ പൈസ കൊടുക്കേണ്ടിവരും. ഞാന്‍ വര്‍ക്ക് ചെയ്യാത്ത പടങ്ങളില്‍ അഭിനയിക്കാന്‍ പോകാറുണ്ട്. സുഖമാ…ടെന്‍ഷനുമില്ല, പൈസയും കിട്ടും,’ നന്ദു പറയുന്നു.

മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നന്ദു അബി, നാദിര്‍ഷ, ദിലീപ് എന്നിവരോടൊപ്പം മിമിക്രി വേദികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സിനിമയോടൊപ്പം ചില സീരിയലുകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. ഇതിനകം 250ഓളം സിനിമകളില്‍ നന്ദു അഭിനയിച്ചിട്ടുണ്ട്.


Content Highlights: Nandu Poduval Opens About His Career