സ്‌ക്രിപ്റ്റിലില്ലാതെ ഞാന്‍ കൈയില്‍ നിന്നിട്ട ഡയലോഗായിരുന്നു അത്, എന്നാല്‍ അതിനെക്കാള്‍ ചിരി ലാലേട്ടന്റെ റിയാക്ഷന്‍ കണ്ടിട്ടായിരുന്നു: നന്ദു പൊതുവാള്‍
Entertainment
സ്‌ക്രിപ്റ്റിലില്ലാതെ ഞാന്‍ കൈയില്‍ നിന്നിട്ട ഡയലോഗായിരുന്നു അത്, എന്നാല്‍ അതിനെക്കാള്‍ ചിരി ലാലേട്ടന്റെ റിയാക്ഷന്‍ കണ്ടിട്ടായിരുന്നു: നന്ദു പൊതുവാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st December 2024, 1:25 pm

വര്‍ഷങ്ങളായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടനാണ് നന്ദു പൊതുവാള്‍. പ്രൊഡക്ഷന്‍ മാനേജരായി കരിയര്‍ തുടങ്ങിയ നന്ദു പൊതുവാള്‍ ഒരുപാട് സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായിട്ടുണ്ട്. ജോഷി, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളില്‍ അവിഭാജ്യഘടകമായ നന്ദു പൊതുവാള്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ 2വില്‍ നെടുമുടി വേണുവിന്റെ പകരക്കാരനായും വേഷമിട്ടിരുന്നു.

ട്രോള്‍ പേജുകളിലെ മീമിലൂടെ നന്ദുവിന്റെ പല സീനുകളും ഇന്നും പ്രസക്തമാണ്. അത്തരത്തിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു മരുഭൂമിക്കഥയിലെ ക്ലൈമാക്‌സ് സീന്‍. ചിത്രത്തില്‍ നന്ദുവിന്റെ കഥാപാത്രം മോഹന്‍ലാലിനെ പ്രാകുന്നതും അതിന് മോഹന്‍ലാല്‍ നല്‍കുന്ന റിയാക്ഷനും ഇന്നും പലരിലും ചിരിയുണര്‍ത്തുന്നതാണ്. ആ സീനിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നന്ദു പൊതുവാള്‍.

ആ സീന്‍ ആദ്യം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ലെന്ന് നന്ദു പറഞ്ഞു. ചിത്രത്തില്‍ പ്രൊഡക്ഷന്‍ മാനേജരായി താനും വര്‍ക്ക് ചെയ്തിരുന്നെന്നും ചെറി. വേഷം വല്ലതുമുണ്ടെങ്കില്‍ തരാന്‍ പ്രിയദര്‍ശനോട് ആവശ്യപ്പെട്ടിരുന്നെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. നോക്കാമെന്ന് പ്രിയദര്‍ശന്‍ മറുപടി പറഞ്ഞെന്നും പിന്നീട് താന്‍ പ്രൊഡക്ഷന്‍ വര്‍ക്കിലേക്ക് പോയെന്നും നന്ദു പറഞ്ഞു.

ക്ലൈമാക്‌സ് സീനില്‍ തന്റെ കഥാപാത്രത്തിന് പകരം മറ്റൊരു ആര്‍ട്ടിസ്റ്റിനെയാണ് ശക്തി കപൂറിന്റെ അസിസ്റ്റന്റായി കാസ്റ്റ് ചെയ്തതെന്നും എന്നാല്‍ മലയാളം പറയാന്‍ അറിയാത്തതിനാല്‍ അയാളെ മാറ്റിയെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. അങ്ങനെ തന്നെ ആ വേഷം ഏല്പിച്ചെന്നും വായില്‍ വരുന്നതൊക്കെ പറയാന്‍ പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടെന്നും നന്ദു പറഞ്ഞു.

അങ്ങനെ സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗൊക്കെ താന്‍ പറഞ്ഞെന്നും അത് ഹിറ്റായെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ഡയലോഗിനെക്കാള്‍ എല്ലാവരും ചിരിച്ചത് മോഹന്‍ലാലിന്റെ റിയാക്ഷന്‍ കണ്ടിട്ടാണെന്നും അദ്ദേഹത്തോടൊപ്പം പിടിച്ചുനില്‍ക്കാന്‍ പാടാണെന്നും നന്ദു പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു നന്ദു പൊതുവാള്‍.

‘ഒരു മരുഭൂമിക്കഥയിലെ ആ സീനൊന്നും ആദ്യം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല. പിന്നീട് ചേര്‍ത്തതാണ്. ഞാന്‍ ആ പടത്തിന്റെ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്തിരുന്നു. ഷൂട്ടിന്റെ ഇടയില്‍ ചെറിയ എന്തെങ്കിലും റോള്‍ എനിക്കും തരണമെന്ന് പ്രിയന്‍ സാറിനോട് ഞാന്‍ പറഞ്ഞു. നോക്കാമെന്ന് പറഞ്ഞ് പുള്ളിയും പോയി. പിന്നീട് ഞാന്‍ ബാക്കി വര്‍ക്കിലേക്ക് പോയി.

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ചെയ്ത ക്യാരക്ടറിലേക്ക് ആദ്യം മറ്റൊരു നടനെയായിരുന്നു ആലോചിച്ചത്. പുള്ളിക്ക് മലയാളം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആ വേഷം എനിക്ക് തന്നു. ‘ഡയലോഗൊന്നുമില്ല, വായില്‍ വരുന്നതെന്ത് വേണമെങ്കിലും പറഞ്ഞോ’ എന്നാണ് പ്രിയന്‍ സാര്‍ പറഞ്ഞത്. ഞാന്‍ വായില്‍ വന്ന പ്രാക്ക് മൊത്തം പറഞ്ഞു. പക്ഷേ, എന്റെ ഡയലോഗിനെക്കാള്‍ ചിരിയുണ്ടാക്കിയത് ലാല്‍ സാറിന്റെ റിയാക്ഷനാണ്. അദ്ദേഹത്തോടൊപ്പം പിടിച്ചുനില്‍ക്കാന്‍ കുറച്ചധികം പവര്‍ വേണം,’ നന്ദു പൊതുവാള്‍ പറഞ്ഞു.

Content Highlight: Nandu Poduval about climax scene of Oru Marubhoomikakdha movie