ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങലടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് സെഞ്ചൂറിയനാണ് വേദിയാകുന്നത്. സൗത്ത് ആഫ്രിക്കയില്‍ ഒരു പരമ്പര നേടാന്‍ സാധിച്ചിട്ടില്ലെന്ന നാണക്കേട് മറക്കാനാണ് ഇന്ത്യ അരയും തലയും മുറുക്കി ഇറങ്ങുന്നത്.
അനുഭവ സമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം യുവ താരങ്ങളുമായാണ് ഇരു ടീമും കളത്തിലിറങ്ങിയത്. ഇരു ടീമിനൊപ്പവും അരങ്ങേറ്റ താരങ്ങളുമുണ്ടായിരുന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ ഡേവിഡ് ബെഡ്ഡിങ്ഹാമും നാന്ദ്രേ ബര്‍ഗറും അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റത്തില്‍ മികച്ച പ്രകടനമാണ് ബര്‍ഗര്‍ കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ രണ്ട് മുന്‍ നിര വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ബര്‍ഗര്‍ തിളങ്ങുന്നത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ സഹായിച്ചുകൊണ്ടാണ് ബര്‍ഗര്‍ തന്റെ ടെസ്റ്റ് കരിയറിന് തുടക്കമിട്ടത്. കഗീസോ റബാദയുടെ പന്തില്‍ ഫൈന്‍ ലെഗില്‍ ഒരു സിംപിള്‍ ക്യാച്ചിലൂടെ ബര്‍ഗര്‍ ഇന്ത്യന്‍ നായകനെ മടക്കുകയായിരുന്നു. 14 പന്തില്‍ അഞ്ച് റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്.
അധികം വൈകാതെ തന്നെ ബര്‍ഗര്‍ കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. യശസ്വി ജെയ്‌സ്വാളിനെയാണ് ബര്‍ഗര്‍ പുറത്താക്കിയത്. 37 പന്തില്‍ 17 റണ്‍സ് നേടി നില്‍ക്കവെ കൈല്‍ വെരായ്‌നെക്ക് ക്യാച്ച് നല്‍കിയാണ് ജെയ്‌സ്വാള്‍ പുറത്താകുന്നത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ് ഇരുവരും എന്നതാണ് ഹല്ലാ ബോല്‍ ആരാധകരെ ഒരേ സമയം നിരാശയിലും ആവേശത്തിലുമാഴ്ത്തുന്നത്. വരുന്ന സീസണില്‍ രാജസ്ഥാന്റെ പ്രധാന താരമാകാന്‍ പോകുന്നവന്റെ കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ സന്തോഷിക്കുമ്പോള്‍ രാജസ്ഥാന്‍ സ്റ്റാര്‍ ഓപ്പണര്‍ ജെയ്‌സ്വാളിനെയാണ് മടക്കിയത് എന്നതാണ് റോയല്‍സ് ആരാധകരെ അല്‍പമെങ്കിലും നിരാശരാക്കുന്നത്.
രാജസ്ഥാന്റെ ഒഫീഷ്യല്‍ എക്‌സ് ഹാന്‍ഡിലിലും ഇത് പ്രകടമാണ്.
അതേസമയം, മികച്ച പ്രകടനം പുറത്തെടുക്കുന്ന ബര്‍ഗറിനെ അഭിനന്ദിക്കാനും രാജസ്ഥാന്‍ മറക്കുന്നില്ല.
ആദ്യ വിക്കറ്റ് നേട്ടത്തിന് തൊട്ടുപിന്നാലെ ബര്‍ഗര്‍ വീണ്ടും രക്തം ചിന്തിയിരുന്നു. ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ബര്‍ഗര്‍ ഇന്ത്യക്ക് ഇരട്ടി ഷോക്ക് നല്‍കിയത്.
അതേസമയം, 46 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 164 റണ്‍സിന് ആറ് എന്ന നിലയിലാണ്. 57 പന്തില്‍ 29 റണ്‍സ് നേടിയ കെ.എല്‍. രാഹുലും 31 പന്തില്‍ 24 റണ്‍സ് നേടിയ ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഡീന്‍ എല്‍ഗര്‍, ഏയ്ഡന്‍ മര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബാവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്സണ്‍, ഡേവിഡ് ബെഡ്ഡിങ്ഹം, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്സി, കഗീസോ റബാദ, നാന്ദ്രേ ബര്‍ഗര്‍.
Content highlight: Nandre Burger dismissed Yashasvi Jaiswal