| Friday, 26th January 2018, 5:57 pm

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് സാധ്യമാകുമ്പോള്‍ പരിസ്ഥിതിക്ക് സംഭവിക്കുന്നത്

ഷിനോദ് കെ.കെ

പ്രതിഷേധങ്ങളും സമരങ്ങളും ഒക്കെ ഉയര്‍ന്നു വന്നെങ്കിലും കോഴിക്കോട് ജില്ലയിലെ ദേശീയപാതാ വികസനം സാധ്യമാവുകയാണ്. കൊയിലാണ്ടിയിലെ നന്തിമുതല്‍ ചെങ്ങോട്ടുകാവ് വരെ 11.5 കിലോ മീറ്റര്‍ നീളത്തില്‍ ബൈപ്പാസോടുകൂടിയാണ് ജില്ലയിലെ ദേശീയപാതാ വികസനം ലക്ഷ്യമിടുന്നത്. നിലവില്‍ റോഡില്ലാത്ത സ്ഥലമായതിനാല്‍ ജനങ്ങളെ ഏറെ ബാധിക്കും എന്ന ആക്ഷേപം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

45 മീറ്റര്‍ വീതിയില്‍ 11.5 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാല്‍ പദ്ധതി നടത്തിപ്പ് ബുദ്ധിമുട്ടിലാകില്ലേ എന്ന ചോദ്യത്തിന് കലക്ടര്‍ യു.വി ജോസ് ഇങ്ങനെ മറുപടി പറഞ്ഞു. “എന്ത് പ്രതിഷേധം ഉണ്ടായാലും വികസന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മൂന്ന് മാസത്തിനകം സ്ഥലം ഏറ്റെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും”

പദ്ധതി ഏതാണ്ട് സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാവും എന്ന് കലക്ടര്‍ ഉറപ്പിച്ചു പറയുമ്പോള്‍ പരിസ്ഥിതി സ്നേഹികളായ ആളുകള്‍ വലിയ ആശങ്ക മുന്നോട്ടു വെക്കുന്നു. ഈ പദ്ധതിയുടെ ഏറ്റവും വലിയ ദുരന്ത ഫലം അനുഭവിക്കുക പരിസ്ഥിതിയാണ് എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന പ്രശ്നം. പദ്ധതിപ്രദേശമായ 11.5 കിലോമീറ്ററിനുള്ളില്‍ അഞ്ച് വലിയ കുന്നുകള്‍, അഞ്ച് പാടശേഖരങ്ങള്‍, എട്ട് കുളങ്ങള്‍, ആറ് നാഗക്കാവുകള്‍ എന്നിവ നാമാവശേഷമാവും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്‍.വി മുരളി (പരിസ്ഥിതി പ്രവര്‍ത്തകന്‍)

“പരിസ്ഥിതി സൗഹാര്‍ദമായ വികസന പ്രവര്‍ത്തനങ്ങളേ മനുഷ്യകുലത്തിന് ഇനി ചിന്തിക്കാന്‍ കഴിയൂ. നാം അത്രത്തോളം അപകടാവസ്ഥയിലാണ് എന്നതു തന്നെയാണ് പ്രശ്നം. ആയിരക്കണക്കിന് വൃക്ഷങ്ങളാല്‍ സമ്പന്നമായ അഞ്ച് കുന്നുകളെ കീറിമുറിച്ചാണ് നിര്‍ദ്ദിഷ്ട നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോവുക. 2000 കുടുംബങ്ങളെ പദ്ധതി നേരിട്ട് തന്നെ പ്രതികൂലമായി ബാധിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

അതിന്റെ കൂടെ ഈ പരിസ്ഥിതി നാശം കൂടിയായാല്‍ പ്രതിസന്ധി താങ്ങാനാവുന്നതിലും അപ്പുറത്താവും. അഞ്ച് വയലുകള്‍ക്കും ചുറ്റുമുള്ള പ്രദേശത്തുകാരുടെ കുടിവെള്ളം ആ വയലുകളെ ആശ്രയിച്ചിരിക്കുന്നു. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചു തള്ളേണ്ട സാഹചര്യം ദുഖകരം തന്നെ. എട്ട് കുളങ്ങളും ആറ് നാഗക്കാവുകളും അഞ്ചോളം ചെറു തോടുകളും നശിക്കുമ്പോള്‍ നിരവധി ഗ്രാമങ്ങള്‍ അതിന്റെ ദുരന്തഫലം അനുഭവിക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.”

ദേശീയപാതാ വികസനശ്രമങ്ങളുടെ ചരിത്രം

കോഴിക്കോട് ജില്ലയിലെ ദേശീയപാതയുടെ വീതികൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 1970ല്‍ ആണ്. ഇതു പ്രകാരം നിലവിലെ ദേശീയപാതയ്ക്ക് ഇരുവശവും താമസിക്കുന്നവര്‍ക്ക് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി നോട്ടീസും നല്‍കി. എന്നാല്‍ ജനങ്ങളുടേയും വ്യാപാരികളുടേയും ശക്തമായ എതിര്‍പ്പിനേത്തുടര്‍ന്ന് പദ്ധതിയുടെ മുന്നോട്ടുപോക്ക് തടസ്സപ്പെട്ടു. തുടര്‍ന്നാണ് ബദല്‍ പാതകളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നത്. ആ അന്വേഷണം അവസാനിച്ചത് നന്തി മുതല്‍ ചെങ്ങോട്ടുകാവുവരെ ബൈപ്പാസ് നിര്‍മ്മിക്കാം എന്ന ആശയത്തിലും.

ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം കാലം ചര്‍ച്ചയില്‍ മാത്രം ജീവിച്ച ദേശീയപാതാ വികസന പദ്ധതിക്ക് ഇതോടെ ജീവന്‍വെച്ചു. നന്തിയിലെ ഇപ്പോഴത്തെ റെയില്‍വേ മേല്‍പ്പാലത്തിനടുത്തുനിന്നാരംഭിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിനടുത്ത് അവസാനിക്കുന്ന രീതിയിലാണ് അലൈന്‍മെന്റ് വന്നത്. ഈ അലൈന്‍മെന്റ് പ്രകാരം 30 മീറ്റര്‍ വീതിയില്‍ സര്‍വ്വേകല്ല് നാട്ടുകയും ചെയ്തു.

എന്നാല്‍ ഇന്ന് ഏതാണ്ട് 800 കുടുംബങ്ങളേയും ഇന്ന് രണ്ടായിരത്തോളം കുടുംബങ്ങളും ബാധിക്കുന്ന പ്രശ്നം കാട്ടി ജനങ്ങള്‍ പദ്ധതിക്ക് എതിരു നിന്നു. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രതിഷേധം കണക്കിലെടുത്ത സര്‍ക്കാരുകള്‍ ബൈപ്പാസുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയില്ല. ഒടുവില്‍ കൊയിലാണ്ടി നഗരത്തിലും കൊല്ലത്തും ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ റോഡ് വികസനത്തിനായി ജനങ്ങളില്‍ നിന്നുതന്നെ ആവശ്യം ശക്തമായി.

ഇതോടെ വീണ്ടും ബൈപ്പാസ് റോഡു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ചര്‍ച്ചകള്‍ക്കിടെ പ്രതിഷേധവുമായി ബൈപ്പാസ് വിരുദ്ധ കര്‍മ്മ സമിതിയും രംഗത്തു വന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ, വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായ ഇടതു സര്‍ക്കാര്‍ നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് പദ്ധതിയെക്കുറിച്ചും റോഡ് വികസനത്തിനായുള്ള മറ്റ് സാധ്യതകളേയും കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചു.

തോമസ് ഉണ്ണിയാടന്‍ അധ്യക്ഷനായ നിയമസഭാ സമിതി കൊയിലാണ്ടിയിലെത്തി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ജനപ്രതിനിധികളേയും ജനങ്ങളേയും കണ്ട് തെളിവെടുപ്പ് നടത്തിയ സമിതി ചില നിര്‍ദ്ദേശങ്ങള്‍ നിയമസഭയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് സാധ്യമായാല്‍ ഉണ്ടാവുന്നതിന്റെ പകുതിയില്‍ താഴെ കെടുതികള്‍ മാത്രമേ നിലവിലെ ദേശീയപാത വികസിപ്പിച്ചാല്‍ ഉണ്ടാകു എന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയ വിഷയം. ബദല്‍ എന്ന നിലയില്‍ നിലവിലെ ദേശീയപാത 30 മീറ്ററില്‍ വികസിപ്പിക്കാനും നഗരത്തില്‍ 4 കിലോമീറ്റര്‍ ദൂരം എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുമാണ് നിര്‍ദ്ദേശമുണ്ടായത്. ബൈപ്പാസിനുള്ള പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് നല്‍കി.

അന്ന് ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ച സര്‍ക്കാര്‍ ബൈപ്പാസ് പദ്ധതിയുമായി മുന്നോട്ട് പോയില്ല. എന്നാല്‍ കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ റോഡ് വികസനത്തിനായി വീണ്ടും മുറവിളി ഉയര്‍ന്നു. സ്വാഭാവികമായും ബൈപ്പാസ് പദ്ധതിതന്നെ വീണ്ടും ചര്‍ച്ചയില്‍ വന്നു, പദ്ധതിക്കെതിരെ സമരക്കാരും എത്തി.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്

രാജീവന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍)

“പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കുടുംബങ്ങളെ ബാധിക്കുന്ന കാര്യത്തിലും പിന്നിലാണ് നിലവിലെ ദേശീയപാത വികസന പദ്ധതി. എന്നാല്‍ ബൈപ്പാസ് നിര്‍മ്മിക്കുമ്പോള്‍ കുന്നുകള്‍ ഇല്ലാതാവുന്നു, നിങ്ങള്‍ ഞങ്ങടെകൂടെ വരൂ ഞങ്ങള്‍ ആ കാഴ്ചകള്‍ കാണിച്ചു തരാം. 11.5 കിലോമീറ്ററിനുള്ളില്‍ അഞ്ച് വലിയ കുന്നുകളുണ്ട്.

നെല്‍കൃഷി ചെയ്യുന്ന, വാഴകൃഷിയും ഇടവിളയായി പച്ചക്കറികളും നട്ടുപിടിപ്പിക്കുന്ന, അതിലുപരി ജലസമൃദ്ധിയുള്ള അഞ്ച് പാടശേഖരങ്ങള്‍ നാമാവശേഷമാവും. എട്ട് കുളങ്ങളുണ്ട് ഈ വഴിയില്‍. അവയെല്ലാം നശിക്കും. ആറ് നാഗക്കാവുകള്‍ നാമാവശേഷമാവും. നാഗക്കാവുകളും, നെല്‍വയലുകളും, മറ്റ് തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണം എന്ന് നിരന്തരം പറയുന്ന സര്‍ക്കാര്‍ തന്നെ പരിസ്ഥിതിക്ക് ദോഷകരമാവുന്ന രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക. പരിസ്ഥതി സംരക്ഷിക്കണം അതിന് വികസനം വേണ്ടെന്നുവെക്കണം എന്ന നിലപാടില്ല. പക്ഷേ ബദലുകളേക്കുറിച്ച് ചിന്തിക്കണം.”

ദിനേശന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍)

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സാധ്യമാകേണ്ടത്. ഇവിടെ പരിസ്ഥിതിക്ക് വലിയ നാശമുണ്ടാകും എന്നകാര്യത്തില്‍ സമരക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ബൈപ്പാസ് അനുകൂലികള്‍ക്കും സര്‍ക്കാരിനും തര്‍ക്കമൊന്നും ഉണ്ടാവില്ല. എന്നാല്‍ എന്താണ് ബദല്‍ എന്ന് നിര്‍ദ്ദേശിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം. പലയിടത്തും മാതൃകകളുണ്ട്. റോഡ് പണിക്കായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പകരം ഇരട്ടിയിലധികം മരങ്ങള്‍ വെച്ചു പിടിപ്പിച്ചതിന്റെ വാര്‍ത്തകളും നമ്മള്‍ കേട്ടതുമാണ്. പക്ഷേ ഇവിടെ അത് മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ഗെയില്‍ വാതക പൈപ്പ് ലൈനിനായി പൊതു ഇടത്തെ കുളം നികത്തേണ്ടി വന്നപ്പോള്‍ പകരം സ്ഥലം വാങ്ങി കുളം നിര്‍മ്മിച്ചു നല്‍കാന്‍ വരെ അവര്‍ തയ്യാറായിട്ടുണ്ട്. ഇവിടെ അഞ്ചു കുന്നുകള്‍ കീറി മുറിക്കുന്നു. പകരം എന്തെങ്കിലും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറായിട്ടില്ല. അഞ്ചു വലിയ പാടശേഖരം നികത്തേണ്ടി വരും ഇക്കാരണത്താന്‍ ഈ പാടശേഖരങ്ങളുടെ നാലുപാടും ജീവിക്കുന്നവരുടെ കുടിവെള്ള ആവശ്യത്തിന് വലിയ തിരിച്ചടിയേല്‍ക്കും. അതിന് ബദല്‍ സാധ്യതകളൊന്നുമില്ല. ഒന്നുമില്ലെന്നല്ല, ബദല്‍ സാധ്യതകള്‍ ഒന്നും തേടുന്നില്ല.

എട്ടുകുളങ്ങള്‍ നികത്തേണ്ടി വരുന്നില്ലേ, എങ്ങനെയാണ് പരിഹരിക്കുക. കാവുകള്‍ ഇല്ലാതാവുന്നില്ലേ എങ്ങനെ പരിഹരിക്കും? ഇല്ലാതാക്കുന്നതെല്ലാം പുനര്‍ നിര്‍മ്മിക്കാനാവില്ല എന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിന് സാധിക്കും പക്ഷേ സാധ്യതകളുള്ളതിനെ അവഗണിക്കുന്നതെന്തിനാണ്. പതിനായിരക്കണക്കിന് മരങ്ങള്‍ വെട്ടിമുറിച്ച് ഒരു പാത നിര്‍മ്മിക്കുമ്പോള്‍ നഷ്ടപ്പെടുന്നതിന്റെ ഇരട്ടി മരങ്ങള്‍ നട്ടു പരിപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഞാനുള്‍പ്പെടെ ഉള്ളവര്‍ അതിന് രംഗത്തിറങ്ങാം. പക്ഷേ മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാരിസ്ഥിതിക നാശം കുറയാക്കാന്‍ സര്‍ക്കാരിന് തന്നെ കഴിയുമായിരുന്നു. അതിന് നിലവിലെ ദേശീയപാത വികസിപ്പിച്ചാല്‍ മതി. അതിന് തയ്യാറാവുന്നില്ല. പല കാരണങ്ങളുണ്ടാകാം. പക്ഷേ ബൈപ്പാസ് പദ്ധതി തന്നെ നടപ്പിലാക്കുകയാണെങ്കില്‍ പരിസ്ഥിയെ സംബന്ധിച്ച പ്രധാന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കലക്ടര്‍ യു.വി ജോസ് അതിന് മുന്‍കൈ എടുക്കണം.

നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിലവിലെ അവസ്ഥ

നന്തി മുതല്‍ ചെങ്ങോട്ടുകാവുവരെയുള്ള 11.5 കിലോമീറ്ററില്‍ റോഡു നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തു. വേണ്ട നടപടികള്‍ മുന്നോട്ടു നീക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോവുകയാണ്. എന്ത് തടസ്സങ്ങളുണ്ടായാലും പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് കലക്ടര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ബൈപ്പാസ് വിരുദ്ധ സമര സമിതി സമരവുമായി മുന്നോട്ടു പോവുകയാണ്. സ്ഥലമേറ്റെടുക്കാനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഷിനോദ് കെ.കെ

We use cookies to give you the best possible experience. Learn more