| Friday, 3rd November 2023, 6:38 pm

തിരുവനന്തപുരം ഭാഷയില്‍ സെന്റിമെന്റ്‌സ് പറഞ്ഞാല്‍ ആളുകള്‍ കൂവും, അവിടെ മമ്മൂട്ടി സാര്‍ എന്നെ ഞെട്ടിച്ചു: നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാജമാണിക്യം ഇറങ്ങിയിട്ട് ഇന്ന് 18 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 2005ലാണ് റിലീസ് ചെയ്തത്. തിരുവനന്തപുരം സ്ലാങ് കേരളത്തില്‍ ട്രെന്‍ഡ് സെറ്ററാക്കിയ ചിത്രമാണ് രാജമാണിക്യം.

രാജമാണിക്യം 18ാം വര്‍ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി പറയുന്ന നന്ദുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തിരുവന്തപുരം ഭാഷയില്‍ സെന്റിമെന്റ്‌സ് പറഞ്ഞാല്‍ ആളുകള്‍ കൂവുമെന്നും എന്നാല്‍ രാജമാണിക്യത്തില്‍ മമ്മൂട്ടി അതില്‍ തന്നെ ഞെട്ടിച്ചുവെന്നും നന്ദു പറഞ്ഞു. താന്‍ അദ്ദേഹത്തെ സാര്‍ എന്ന് മാത്രമേ വിളിക്കുകയുള്ളൂവെന്നും അത് ബഹുമാനം കൊണ്ടാണെന്നും നന്ദു വീഡിയോയില്‍ പറയുന്നുണ്ട്.

‘ഞാന്‍ ഒരു സിനിമയില്‍ കാസര്‍ഗോഡ് ഭാഷ പറഞ്ഞു. ശരിക്കും വെള്ളം കുടിച്ച് പോയി. ഭയങ്കര ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാന്‍ മമ്മൂട്ടിയെ സാര്‍ എന്ന് വിളിക്കുന്നത്. കാലില്‍ തൊട്ട് തൊഴണം. അദ്ദേഹം അതിനുവേണ്ടിയെടുക്കുന്ന സ്‌ട്രെയ്ന്‍ സമ്മതിച്ചുകൊടുത്തേ പറ്റൂ.

തിരുവനന്തപുരം ഭാഷയില്‍ സെന്റിമെന്റ്‌സ് പറഞ്ഞാല്‍ ആളുകള്‍ കൂവും. കോമഡി പറയുന്ന പോലെ ഇരിക്കും. പക്ഷേ അദ്ദേഹം രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായാണ് ആ സെന്റിമെന്റല്‍ സീന്‍ കണ്ണ് നിറഞ്ഞ് അഭിനയിച്ചത്. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ ഞെട്ടിപ്പോയത് അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സിലാണ്.

ഞാന്‍ അദ്ദേഹത്തെ ഇതുവരെ ഇക്കാ എന്നോ അണ്ണാ എന്നോ വിളിച്ചിട്ടില്ല. സാര്‍ എന്നാണ് വിളിക്കുന്നത്. ബഹുമാനം കൊണ്ടാണ്. നീ എന്തിനാ അങ്ങനെ വിളിക്കുന്നത്, ഇക്കാ എന്ന് വിളിക്കാന്‍ മേലേ എന്ന് എന്നോട് ചോദിച്ചു. ഇല്ല, അദ്ദേഹത്തിന് ഞാന്‍ ഒരു പ്രത്യേക സ്ഥാനമാണ് കൊടുത്തിരിക്കുന്നത്. മൂത്ത ജ്യേഷ്ഠനെക്കാളുപരിയുള്ള സ്ഥാനത്തില്‍ ബഹുമാനിക്കുന്നത് കൊണ്ട് ഞാന്‍ സാര്‍ എന്നേ വിളിക്കുകയുള്ളൂ. ഒരിക്കലും ആ ബഹുമാനത്തിന് ഒരു കുറവുണ്ടാവില്ല,’ നന്ദു പറഞ്ഞു.

Content Highlight: Nandhu talks about rajamanikyam and mammootty

We use cookies to give you the best possible experience. Learn more