സിനിമാ ജീവിതത്തിലെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടന്‍ നന്ദു. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിന് വേണ്ടി തടികുറച്ചതിനെക്കുറിച്ചാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദു പറയുന്നത്.
ഡയറ്റ് ചെയ്ത് ഒരുമാസം കൊണ്ട് പതിനാറ് കിലോ വരെ കുറച്ചുവെന്ന് നന്ദു പറയുന്നു.
‘ചോറേ കഴിക്കാതായി. വെജിറ്റേറിയനായി. ഒരു മാസം കൊണ്ട് പതിനാറ് കിലോവരെ കുറച്ചു. ആരോടും നിര്‍ദേശങ്ങളൊന്നും ചോദിക്കാതെയാണ് ഡയറ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് തലകറങ്ങാനും മറ്റും തുടങ്ങി. ചിലപ്പോഴെല്ലാം കണ്ണ് മങ്ങുമായിരുന്നു. സുഹൃത്തായ ഡോക്ടറെ വിളിച്ചപ്പോഴാണ് അവന്‍ പറഞ്ഞത് ചോറ് മുഴുവനായും ഒഴിവാക്കരുതെന്ന്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചോറ് കഴിക്കാന്‍ അവന്‍ പറഞ്ഞു. അങ്ങനെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ചോറ് കഴിച്ചു,’ നന്ദു പറയുന്നു.
നന്നായി മെലിഞ്ഞതിന് ശേഷമാണ് ഒഴിമുറിയില്‍ അഭിനയിച്ചതെന്നും ഈ സിനിമക്ക് വേണ്ടി മെലിഞ്ഞതുകൊണ്ട് അതിനു ശേഷം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിന് വേണ്ടി പ്രത്യേകം മെലിയേണ്ടി വന്നില്ലെന്നും നന്ദു പറഞ്ഞു.
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റില്‍ നന്ദു മദ്യപാനിയായാണ് അഭിനയിച്ചത്.
സിനിമയുടെ മുഴുവന്‍ കഥയും തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്ററില്‍ പോയി പടം കണ്ടപ്പോഴാണ് മുഴുവന്‍ കഥയും മനസ്സിലായതെന്നും നന്ദു പറയുന്നു.
‘എന്റെ ഒരു സീനിലാണ് സിനിമ അവസാനിക്കുന്നതെന്നോ ഇത്രയും പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്തതെന്നോ അറിയില്ലായിരുന്നു. പടം കണ്ടപ്പോഴാണ് അതെല്ലാം മനസ്സിലായത്. കഥാപാത്രത്തിന് നല്‍കിയ പ്രാധാന്യം കണ്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു,’ നന്ദു കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nandhu shares experience about his diet