ന്യൂദല്‍ഹി: യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഒഫ് ഇന്ത്യയുടെ ചെയര്‍മാനായ നന്ദന്‍ നീലെകനിയും ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഇന്ത്യയുടെ പ്രതിനിധിയായി നീലെകനി മത്സരിക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
സാധാരണയായി വേള്‍ഡ് ബാങ്കിന്‍ന്റെ മേധാവിയായി അവരോധിക്കാറ് യു.എസ് പൗരന്‍മാര്‍ക്കാണ്. എന്നാല്‍, ഇതിനെതിരെ വിവിധ രാഷ്ട്രങ്ങള്‍ ഇത്തവണ വിമര്‍ശനമുന്നയിച്ചിരുന്നു. ചൈനയാണ് അമേരിക്ക എപ്പോഴും ലോകബാങ്ക് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനെ ആദ്യം എതിര്‍ത്തത്. യോഗ്യതയുടെ അടിസ്ഥാനത്തിലാകണം മേധാവിയെ തെരഞ്ഞെടുക്കേണ്ടതെന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും വ്യക്തമാക്കിയിരുന്നു.
ഇത്തവണ 165 അംഗരാജ്യങ്ങള്‍ക്കും മത്സരിക്കാന്‍ സാധിക്കും. നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് ബി സോളിക് അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി ജൂണിലാണ് വിരമിക്കുക. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്.
എന്നാല്‍, ലോക ബാങ്ക് മേധാവിയാകാന്‍ നീലെകനിക്ക് താത്പര്യമില്ലെന്നാണു സൂചന. നേരത്തെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനായ മുഹമ്മദ് യൂനുസിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹവും വാഗ്ദാനം നിരസിച്ചിരുന്നു. ികസ്വര രാജ്യങ്ങള്‍ക്കു ഏറെ സാധ്യത കല്‍പ്പിക്കുന്നതിനാല്‍ ബ്രസീലും ശക്തനായ സ്ഥാനര്‍ഥിയെ നിര്‍ദേശിക്കുന്നുണ്ട്.