തെലുങ്കിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്ണ. ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രിയും സൂപ്പര്‍സ്റ്റാറുമായ എന്‍.ടി. രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. കഴിഞ്ഞ ദിവസം എന്‍.ടി.ആറിന്റെ അനുസ്മരണദിനത്തില്‍ ബാലകൃഷ്ണ ചെയ്ത കാര്യമാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ചര്‍ച്ചാവിഷയം.
എന്‍.ടി. രാമറാവുവിന്റെ 28ാം ചരമവാര്‍ഷികമായിരുന്നു വ്യാഴാഴ്ച. തെലുങ്ക് സിനിമാ-രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ എന്‍.ടി.ആറിന് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ സമാധിയായ എന്‍.ടി.ആര്‍ ഘട്ടിലെത്തിയിരുന്നു. പിതാവിന്റെ ഓര്‍മകള്‍ പുതുക്കാന്‍ ബാലകൃഷ്ണയും സമാധിയിലെത്തിയിരുന്നു. വേദിയുടെ പുറത്ത് എന്‍.ടി.ആറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.ഡി.പി യുടെ അണികള്‍ നിരവധി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. അതിലൊന്നായ എന്‍.ടി.ആറും അദ്ദേഹത്തിന്റെ കൊച്ചുമകനും നടനുമായ ജൂനിയര്‍ എന്‍.ടി.ആറും ഉള്ള ഫ്‌ളക്‌സ് ബാലകൃഷ്ണയെ പ്രകോപിതനാക്കിയിരുന്നു.
രാജമൗലി സംവിധാനം ചെയ്ത യമദോങ്ക എന്ന സിനിമയിലെ ജൂനിയര്‍ എന്‍.ടി.ആറിന്റെ ഫോട്ടോയും അതേ ഗെറ്റപ്പിലുള്ള എന്‍.ടി.ആറിന്റെ ഫോട്ടോയും ഒരുമിച്ച് ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയത് ബാലകൃഷ്ണയെ ചൊടിപ്പിച്ചു. അച്ഛന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങുന്ന വഴി ബാലകൃഷ്ണ ടി.ഡി.പി അണികളോട് ഫ്‌ളക്‌സ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അണികള്‍ അത് നീക്കം ചെയ്യുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ബാലകൃഷ്ണയുടെ സഹോദരന്‍ ഹരികൃഷ്ണയുടെ മകനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ബാലകൃഷ്ണയും ഹരികൃഷ്ണയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ തെലുങ്ക് സിനിമാലോകത്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിനെ ഒന്നുകൂടി ബലപ്പെടുത്തുന്ന സംഭവമാണ് ഇന്നലെ അരങ്ങേറിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ ജൂനിയര്‍ എന്‍.ടി.ആര്‍ 2022ല്‍ പുറത്തിറങ്ങിയ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധേയനായിരുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര ചാപ്റ്റര്‍ വണ്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ ചിത്രം.
Content Highlight: Nandamuri Balakrishna ask his party members to remove the flex of Jr.NTR