| Thursday, 8th April 2021, 5:57 pm

പാകിസ്താന് വരെ സൗജന്യമായി കൊവിഡ് വാക്‌സിന്‍ കൊടുക്കുന്നു, ആ പരിഗണന പോലും മഹാരാഷ്ട്രയോട് ഇല്ല; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ.

പാകിസ്താന് വരെ സൗജന്യമായി കൊവിഡ് വാക്‌സിന്‍ കൊടുക്കാന്‍ തയ്യാറാകുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ വാക്‌സിന്‍ വിതരണം വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ന് നമ്മുടെ രാജ്യം പാകിസ്താന് വരെ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു. എന്നിട്ടും മഹാരാഷ്ട്രയില്‍ വാക്‌സിന്റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് കേന്ദ്രം. ബി.ജെ.പിയുടെ ദേശീയ നേതാക്കളും സംസ്ഥാനത്തെ ചില നേതാക്കളും ഇതിനായി രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ത്തോളു ഇതിന്റെയൊക്ക പ്രത്യാഘാതം നിങ്ങള്‍ ഉടന്‍ അനുഭവിക്കും’, നാന പട്ടോലെ പറഞ്ഞു.

അതേസമയം മുംബൈ, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുംബൈ നഗരത്തിലെ വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കൊവിഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

14 ലക്ഷം കൊവിഡ് വാക്‌സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

പിന്നാലെ ആന്ധ്രാപ്രദേശും വാക്സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്.

അതേസമയം വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു. കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nana patole Slams Union Government On Improper Covid Vaccine Distribution

We use cookies to give you the best possible experience. Learn more