| Thursday, 7th March 2024, 4:21 pm

'പ്രശ്നങ്ങൾ കേൾക്കാത്ത സർക്കാരിനോട് ആവശ്യങ്ങൾ പറയരുത്, നിങ്ങൾ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുക്കുക'; കർഷകരോട് നാന പടേക്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാസിക്: കർഷകർ സർക്കാരിനോട് ഒന്നും ആവശ്യപ്പെടരുതെന്നും ഏത് സർക്കാർ ഭരണത്തിൽ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം കർഷകർക്കുണ്ടെന്നും നടൻ നാന പടേക്കർ.

മഹാരാഷ്ട്രയിലെ നാസികിൽ ഷെത്കാരി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളെയും അദ്ദേഹം വിമർശിച്ചു.

തങ്ങളുടെ ഭാവിക്കായി മാറി മാറി വരുന്ന സർക്കാരുകളെ ആശ്രയിക്കരുതെന്നും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടു.

‘നമ്മുടെ ജനസംഖ്യയുടെ 90 ശതമാനം കർഷകരായിരുന്നു. ഇപ്പോൾ അത് 50 ശതമാനം മാത്രമാണ്. എന്നാൽ 50 ശതമാനം ഇനിയുമുണ്ട്.

നിങ്ങൾ സർക്കാരിൽ നിന്ന് ഒന്നും ആവശ്യപ്പെടരുത്. കാരണം ഏത് സർക്കാർ ഭരണത്തിൽ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട്.

നിങ്ങൾ നല്ല സമയത്തിനായി കാത്തിരിക്കരുത്, മറിച്ച് നല്ല സമയം നിങ്ങൾ തന്നെ കൊണ്ടുവരണം. ഏത് സർക്കാർ അധികാരത്തിൽ വരണമെന്ന് നിങ്ങൾ തീരുമാനിക്കണം,’ അദ്ദേഹം പറഞ്ഞു.

സ്വർണ്ണത്തിന്റെ വില ഉയരുമ്പോൾ എന്തുകൊണ്ടാണ് അരിയുടെ വില ഉയരാത്തത് എന്ന് ചോദിച്ച അദ്ദേഹം രാജ്യത്തിനു മുഴുവൻ ഭക്ഷണം ലഭ്യമാക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് സമയമില്ലെന്നും ചൂണ്ടിക്കാട്ടി.

‘ സ്വർണ്ണത്തിന്റെ വില ഉയരുമ്പോൾ എന്തുകൊണ്ടാണ് അരിയുടെ വില ഉയരാത്തത്? കർഷകർ രാജ്യത്തിന് മുഴുവൻ ഭക്ഷണം ലഭ്യമാക്കുന്നു. എന്നാൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് സമയമില്ല. അത്തരമൊരു സർക്കാരിൽ നിന്ന് കർഷകർ ഒന്നും ആവശ്യപ്പെടരുത്,’ നാന പടേക്കർ പറഞ്ഞു.

താൻ എല്ലാം വിളിച്ചുപറയുന്ന വ്യക്തിയായതിനാൽ തനിക്ക് രാഷ്ട്രീയത്തിൽ ചേരാൻ കഴിയില്ലെന്നും രാഷ്ട്രീയത്തിൽ ചേർന്നാൽ പിറ്റേന്ന് തന്നെ തന്നോട് അവർ രാജിവെക്കാൻ ആവശ്യപ്പെടുമെന്നും നാന പടേക്കർ പറഞ്ഞു.

Content Highlight: Nana Patekar to farmers: ‘Don’t wait for Achhe Din, instal the government you want’

We use cookies to give you the best possible experience. Learn more