| Saturday, 25th February 2023, 9:46 pm

സുന്ദരം ജെയിംസായി മാറിയിട്ടില്ല? ക്ലൈമാക്സിലെ മൂന്ന് സാധ്യതകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്റര്‍ റിലീസിന് മുന്നേ തന്നെ വലിയ ചര്‍ച്ചയായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം എന്നതിലുപരി ഐ.എഫ്.എഫ്.കെ പ്രദര്‍ശനത്തിലും സിനിമക്ക് വലിയ തള്ളിക്കയറ്റമാണ് അനുഭവപ്പെട്ടത്.

ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരിക്കുകയാണ്. ഇതോടെ നന്‍പകല്‍ നേരത്ത് മയക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജെയിംസായും സുന്ദരമായും തകര്‍ത്താടിയ മമ്മൂട്ടിയാണ് പ്രധാനചര്‍ച്ചാ വിഷയം. മമ്മൂട്ടിയുടെ പകര്‍ന്നാട്ടം അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

ഇതിനൊപ്പം തന്നെ നന്‍പകലിന്റെ ക്ലൈമാക്‌സിനെ പറ്റിയും പല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ സാധ്യമാവുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം. സുന്ദരം എന്ന വ്യക്തിയായി ജെയിംസ് മാറുമ്പോള്‍ അതിന് പല വായനകള്‍ സാധ്യമാകുന്നുണ്ട്. നന്‍പകലിന്റെ ക്ലൈമാക്സിലെ അത്തരത്തിലുള്ള മൂന്ന് സാധ്യതകള്‍ നോക്കാം.

രംഗങ്ങള്‍ കാണുന്ന രീതിയില്‍ തന്നെ വായിച്ചെടുക്കുക എന്നുള്ളതാണ് ഒരു സാധ്യത. വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്ക യാത്രയില്‍ ബസില്‍ നിന്നും ഉറക്കം കഴിഞ്ഞ് ഉണരുന്ന ജെയിംസ് ചോള പാടം കണ്ട് ബസ് നിര്‍ത്തിക്കുന്നു. ബസില്‍ നിന്നുമിറങ്ങി ചോളപാടത്തിനപ്പുറമുള്ള തമിഴ് ഗ്രാമത്തിലേക്ക് പോകുന്ന ജെയിംസ് ഒരു ദിവസം സുന്ദരമായി ജീവിക്കുന്നു. പിറ്റേന്ന് ഒരു ഉച്ചമയക്കത്തിന് ശേഷം ഉണരുമ്പോള്‍ തന്റെ യഥാര്‍ത്ഥ സ്വത്വത്തിലേക്ക് തിരികെ വരുന്ന ജെയിംസ് കുടുംബത്തിനൊപ്പം മടങ്ങുന്നു.

രണ്ടാമത്തെ സാധ്യത ജെയിംസിന്റെ ഭാവനയാണ്. ജെയിംസ് ഒരു നാടകക്കാരനാണ്. യാത്രക്ക് മുമ്പ് തിരുക്കുറല്‍ എന്ന് കേള്‍ക്കുമ്പോള്‍ നാടകത്തിന് പറ്റിയ പേരാണ് എന്നാണ് ജെയിംസ് പറയുന്നത്. യാത്രക്കിടയില്‍ ബസ് നിര്‍ത്തി ചോളപ്പാടത്തിലേക്ക് നോക്കുമ്പോള്‍ ജെയിംസിലെ നാടകക്കാരന്‍ ഉണരുകയാണ്. ജീവിതത്തില്‍ ഇന്നുവരെ കാണാത്ത, ഒരു ബന്ധവുമില്ലാത്ത അപരിചിതനായി, ഒരു വ്യക്തി പെരുമാറുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള, പുതുമയുള്ള ഒരു നാടകത്തിന്റെ കഥ ജെയിംസ് ഭാവനയില്‍ കാണുകയാണ്. അതിനൊപ്പിച്ചുള്ള നാടകത്തോട് സമാനമായ പല രംഗങ്ങളും ചിത്രത്തില്‍ കടന്നുവരുന്നുമുണ്ട്.

ബസില്‍ ഇരുന്ന് ചോളപാടത്തേക്ക് നോക്കുന്ന അതേ ജെയിംസിനെ ബസിലേക്ക് തിരികെ വന്നതിന് ശേഷവും കാണിക്കുന്നുണ്ട്. തിരികെ ബസിലേക്ക് വന്ന മറ്റ് ആളുകളിലൊന്നും വേറെ മാറ്റങ്ങളോ ചലനങ്ങളോ കാണുന്നുമില്ല. ജെയിംസ് ഒഴികെ എല്ലാവരും ഉറങ്ങുകയുമാണ്. ഇതാണ് ജെയിംസിന്റെ ഭാവന എന്ന സാധ്യതയെ ഉറപ്പിക്കുന്നത്. എന്നാല്‍ ബസ് പുറപ്പെട്ടതിന് ശേഷം പിറകെ ഓടിപ്പോകുന്ന സുന്ദരത്തിന്റെ പട്ടി ആ സാധ്യതയെ തകിടം മറിക്കുന്നുമുണ്ട്.

സുന്ദരം ജെയിംസ് എന്ന സ്വത്വത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് മൂന്നാമത്തെ സാധ്യത. തന്നെ തേടി ഒരു മലയാളി സംഘം വീട്ടുമുറ്റത്ത് നിലയുറപ്പിക്കുമ്പോള്‍ സുന്ദരം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. അതിന് ശേഷം എന്നും കാണുന്നവര്‍ പോലും അപരിചിതത്വം കാണിക്കുമ്പോഴും കാടായി കിടന്ന സ്ഥലത്ത് പെട്ടെന്നൊരു നാള്‍ ക്ഷേത്രത്തിന്റെ പണി നടക്കുന്നത് കാണുമ്പോഴും തനിക്ക് ക്ഷൗരം ചെയ്തുതന്നിരുന്നയാള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചു എന്നറിയുമ്പോഴും എന്തോ പ്രശ്നമുള്ളതായി സുന്ദരത്തിന് തോന്നുന്നുണ്ട്.

കണ്ണാടിയില്‍ തന്റെ മുഖം കാണുമ്പോഴാണ് ശരിക്കുമുള്ള ഐഡന്റിറ്റി ക്രൈസിസ് സുന്ദരം അനുഭവിക്കുന്നത്. നാട്ടില്‍ നിന്നിട്ടും ഇനി കാര്യമില്ലെന്ന് മനസിലാവുന്ന സുന്ദരം ജെയിംസിന്റെ കുടുംബത്തിനൊപ്പം പോവുകയാണ്. സുന്ദരത്തെ ഹൃദയത്തോട് ചേര്‍ത്ത പ്രേക്ഷകന് ഒന്നുകൂടി വേദന പകരുന്നതാണ് ഈ വ്യാഖ്യാനം. ഇത്തരത്തില്‍ നിരവധി വ്യാഖ്യാന സാധ്യതകളാണ് നന്‍പകല്‍ പ്രേക്ഷകരിലേക്ക് തുറന്നിടുന്നത്.

Content Highlight: nan pakal nerathu mayakkam climax possibilities

We use cookies to give you the best possible experience. Learn more