| Tuesday, 13th December 2022, 12:55 pm

വെറും നിലത്ത് കിടക്കുന്ന തമിഴ്‌നാട്ടുകാരനാകാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ; 'നന്‍പകല്‍ നേരത്ത് മയക്കം' ഓര്‍ത്തിരിക്കാവുന്ന ക്ലാസിക്ക് സിനിമ

കെ.എ സൈഫുദ്ദീന്‍

ചില സിനിമകള്‍ കാണുമ്പോള്‍ നമ്മള്‍ പറയും നല്ല കഥ. ചിലപ്പോള്‍ നല്ല സംവിധാനം എന്നായിരിക്കും പറയുക. ക്യാമറ കൊള്ളാം എന്ന് പറഞ്ഞേക്കാം.
അഭിനയം അതിഗംഭീരം എന്നും പറഞ്ഞേക്കാം. ഇതെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുമ്പോള്‍ അതൊരു ക്ലാസിക്ക് സിനിമയായി മാറും. അതുകൊണ്ട്, തീര്‍ച്ചയായും പറയാം ‘നന്‍പകല്‍ നേരത്ത് മയക്കം’ മലയാളം ഏറെക്കാലം ഓര്‍ത്തിരിക്കാവുന്ന ഒരു ക്ലാസിക്ക് സിനിമയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡയറക്ടോറിയല്‍ ബ്രില്യന്‍സ്, എസ്. ഹരീഷിന്റെ തിരക്കഥ, തേനി ഈശ്വറിന്റെ ക്യാമറ, ദീപു എസ്. ജോസഫിന്റെ എഡിറ്റിങ്, റെട്രോ ഫീലില്‍ ബാക്ഗ്രൗണ്ടില്‍ മുഴങ്ങുന്ന തമിഴ് പാട്ടുകള്‍, അതിനെല്ലാമപ്പുറം മമ്മൂട്ടി എന്ന നടനാത്ഭുതം, താരങ്ങള്‍ നിറഞ്ഞ ആകാശത്തില്‍ നിന്നിറങ്ങി വെറും നിലത്ത് കിടക്കുന്ന അങ്ങനെയൊരു തമിഴ്‌നാട്ടുകാരനാകാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ.

മലയാള സിനിമയുടെ ദിശാസൂചിക്കൊപ്പം സഞ്ചരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനു കഴിയുന്നു എന്നതാണ് മമ്മൂട്ടിയുടെ മേന്മ നാള്‍ക്കുനാള്‍ മിന്നുന്നത്. മമ്മൂട്ടി മാത്രമല്ല, ഒരു നിമിഷാര്‍ധത്തിന്റെ വേഷപ്പെടലില്‍ ഒന്ന് മിന്നിപ്പോയവരും ഒരു നായ്ക്കുട്ടി പോലും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

തിരശ്ശീലയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളൊരു പ്രമേയത്തെ ഏറ്റവും വിശ്വസനീയമായി അനുഭവപ്പെടുത്തുന്നുണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയും ഹരീഷും ചേര്‍ന്ന്. ഓരോ സിനിമയും ഓരോ അത്യനുഭവങ്ങളാക്കാന്‍ ലിജോ, നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? തീര്‍ച്ചയായും കാണണം.

Content Highlight: nan pakal nerath mayakkam is a classic movie that will be remembered for a long time write up by ka saifudeen 

കെ.എ സൈഫുദ്ദീന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more