തിരുവനന്തപുരം: വര്‍ഗീയ പ്രചാരണവും മത വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന കേസില്‍ നമോ ടി.വി ഉടമയും അവതാരകയും അറസ്റ്റില്‍. ചാനല്‍ ഉടമ രഞ്ജിത്ത് ടി. എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്.
153 എ വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരും ഒളിവിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഇരുവരേയും തിരുവല്ല കോടതിയില്‍ ഹാജരാക്കും.
തിരുവല്ല കേന്ദ്രീകരിച്ചാണ് നമോ ടി.വി പ്രവര്‍ത്തിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിനെതിരെയും അവതാരകയ്ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
തികഞ്ഞ വര്‍ഗീയവും അശ്ലീലവുമായ പരാമര്‍ശമായിരുന്നു നമോ ടി.വി എന്ന യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി നടത്തിയത്. ഇതിന് മുമ്പും പെണ്‍കുട്ടി സമാനമായ തരത്തില്‍ വീഡിയോ അവതരിപ്പിച്ചിരുന്നു.