| Monday, 20th May 2019, 7:13 pm

തെരഞ്ഞെടുപ്പ് കഴിഞ്ഞു; നമോ ടി.വി അപ്രത്യക്ഷമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട ബി.ജെ.പി അനുകൂല ചാനലായ നമോ ടി.വി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അപ്രത്യക്ഷമായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി മാര്‍ച്ച് 26നാണ് നമോ ടി.വി പ്രത്യക്ഷപ്പെട്ടത്.

ബി.ജെ.പിയുടെ പ്രൊപഗണ്ട മെഷീന്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്ന നമോ ടി.വി നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. നരേന്ദ്ര മോദിയുടെ റാലികള്‍, അഭിമുഖങ്ങള്‍, ബി.ജെ.പി അനുകൂല ചലച്ചിത്രങ്ങള്‍, മറ്റു ബി.ജെ.പി നേതാക്കളുടെ പരിപാടികള്‍ എന്നിവ മാത്രമായിരുന്നു നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികള്‍.

ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാരായ ടാറ്റാ സ്‌കൈ, വീഡിയോകോണ്‍, ഡിഷ് ടി.വി എന്നിവയിലൂടെ സൗജന്യമായാണ് നമോ ടി.വി ആളുകളിലേക്കെത്തിയിരുന്നത്. നമോ ടി.വിയുടെ പ്രവര്‍ത്തനത്തിനായുള്ള ഫണ്ടുകള്‍ ബി.ജെ.പിയില്‍ നിന്നാണ് വന്നിരുന്നത്.

നമോ ടി.വിക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ പ്രതികരണം വിവാദം കൊഴുപ്പിക്കുകയാണുണ്ടായത്.

നമോ ടി.വി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും നാപ്‌റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണെന്നുമാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിലപാട്.

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാനല്‍ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്. പേജില്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ട്വീറ്റില്‍പ്പോലും മോദിയുടെ പരിപാടി തത്സമയം നമോ ടി.വിയില്‍ ലഭ്യമാണെന്ന് പറഞ്ഞിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ ബി.ജെ.പിക്ക് എങ്ങനെ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചിരുന്നത്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകരിക്കപ്പെട്ട ടി.വി ചാനല്‍ പട്ടികയില്‍ നമോ ടി.വി എന്നൊരു ചാനലില്ല. ആ സാഹചര്യത്തില്‍ ഇത്തരമൊരു ചാനല്‍ സംപ്രേഷണം ചെയ്യുന്നതെങ്ങനെ എന്ന് കോണ്‍ഗ്രസും ചോദിച്ചിരുന്നു.

നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളും മുന്‍കൂട്ടി സെന്‍സര്‍ ചെയ്യാന്‍ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more