ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ ‘പിഎം നരേന്ദ്ര മോദി’ വിലക്കിയതിന് പിന്നാലെ ബി.ജെ.പിയുടെ സ്പോൺസർഷിപ്പിലുള്ള ‘നമോ’ ടി.വിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപ്പാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
സർഫിക്കറ്റ് ചെയ്യപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ദൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചാൽ രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ സാധിക്കും. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദർശിപ്പിക്കാവൂ എന്നും കമ്മീഷൻ പറഞ്ഞിട്ടുണ്ട്
ഏതാനും ദിവസം മുൻപ് ‘പിഎം നരേന്ദ്ര മോദി’ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. തെരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കമ്മീഷൻ ഉത്തരവിറക്കിയത്. അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു.
മുഴുവൻ സമയവും നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാനലാണു നമോ ടിവി. പ്രധാന ഡി.ടി.എച്ച്. ശൃംഖലകൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടി .വി. സംപ്രേഷണം തുടങ്ങിയത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇ ചാനൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. മോദിയുടെ ചിത്രം തന്നെ ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, റാലികൾ, ബി.ജെ.പി. നേതാക്കളുമായുള്ള അഭിമുഖങ്ങൾ എന്നിവയാണ് സംപ്രേക്ഷണം ചെയ്യുക.