ഉത്തര്‍പ്രദേശില്‍ പോളിങ് ബൂത്തില്‍ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു; വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മീഷന്‍
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പോളിങ് ബൂത്തില്‍ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍.
പോളിങ് നടന്നുകൊണ്ടിരിക്കേയാണ് കാവി നിറത്തിലുള്ള പെട്ടികളില്‍ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. ഗൗതം ബുദ്ധ നഗറിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം.
സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമുണ്ടായോയെന്ന് പരിശോധിക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
‘പോലീസുകാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു എന്ന് പ്രചരിക്കുന്നുണ്ട്. അത് തീര്‍ത്തും തെറ്റാണ്. ആ ഭക്ഷണപൊതികള്‍ നമോ എന്ന കടയില്‍ നിന്നും കൊണ്ടുവന്നതാണ്, അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അല്ല. ചിലയാളുകള്‍ തെറ്റായതും രാഷ്ട്രീയ പ്രേരിതവുമായ അപവാദങ്ങള്‍ പറയുന്നുണ്ട്. ഏതെങ്കിലും ഭക്ഷ്യശാലയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ ഔദ്യോഗിക ഉത്തരവുകളും ഇല്ല’- പൊലീസ് മേധാവി വൈഭവ് കൃഷ്ണ പറഞ്ഞു.
ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതില്‍ തെറ്റായ ഒരു കാര്യവുമില്ലെന്ന് ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു. കടയുടെ പേര് കവറില്‍ എഴുതിയതാവാനേ വഴിയുള്ളൂ എന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
അതേസമയം, ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത സ്ഥാപനവുമായി ബന്ധമൊന്നുമില്ലെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്.