| Monday, 1st February 2021, 11:41 pm

'ശരീരഭാരം 97 കിലോയായി, മദ്യത്തിനടിമയാണെന്ന് വരെ പറഞ്ഞുപരത്തി'; വിഷാദരോഗത്തിനടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: വിഷാദരോഗത്തെപ്പറ്റി നിരവധി താരങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ വര്‍ഷമാണ് കടന്നുപോയത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമതാരമായ നമിതയും താന്‍ അനുഭവിച്ച വിഷാദരോഗത്തെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

വിഷാദമാണ് തനിക്ക് എന്ന് തിരിച്ചറിയാതെ വര്‍ഷങ്ങളോളം വളരെ അസ്വസ്ഥതകളുമായി താന്‍ ജീവിച്ചുവെന്ന് നമിത പറഞ്ഞു. പിന്നീട് തന്റെതായ രീതിയില്‍ അതില്‍ നിന്നും പുറത്തുവന്നുവെന്നും നമിത പറഞ്ഞു.

യോഗയും ആത്മീയതയുമാണ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചതെന്നാണ് നമിത പറയുന്നത്. വിഷാദം അനുഭവിച്ചിരുന്ന കാലത്തുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നമിത ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

വിഷാദരോഗത്തെക്കുറിച്ച് എല്ലാവരിലും ഒരു അറിവ് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പോസ്റ്റ്. വിഷാദരോഗമാണ് എനിക്ക് എന്ന അറിവു പോലുമില്ലാതെയാണ് ഞാന്‍ അതിലൂടെ കടന്നുപോയത്. എപ്പോഴും ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. രാത്രികളില്‍ ഉറക്കമില്ലാത്ത അവസ്ഥ. എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് പറയാന്‍ അറിയില്ലായിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഭക്ഷണം ധാരാളം കഴിച്ചു. എല്ലാ ദിവസവും പിസ കഴിക്കും. സ്ഥിരമായപ്പോള്‍ വയറിനും രോഗങ്ങള്‍ വരാന്‍ തുടങ്ങി. ശരീരവണ്ണം ഏറ്റവും കൂടിയത് അക്കാലത്തായിരുന്നു, നമിത ഇന്‍സ്റ്റഗ്രാമിലെഴുതി.

ശരീരഭാരം കൂടിയപ്പോള്‍ താന്‍ ഒരു പൂര്‍ണ്ണമദ്യപാനിയായെന്നായിരുന്നു പലരും പറഞ്ഞത്. ആത്മഹത്യ വരെ ചെയ്യണമെന്ന് തോന്നിയിരുന്നുവെന്നും നമിത പറഞ്ഞു.

എന്റെ ശരീരവണ്ണം ഏകദേശം 97 കിലോ കടന്നു. ഞാന്‍ മദ്യത്തിനടിമയാണെന്ന് ചിലര്‍ പറഞ്ഞുപരത്തി. ആത്മഹത്യ ചെയ്യണമെന്ന് തോന്നിയ കാലഘട്ടമായിരുന്നു അത്. ആ സമയത്ത് പിസിഒഡി-തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടിയിരുന്നു. അഞ്ചു വര്‍ഷത്തോളം ഈ മാനസികനിലയില്‍ തന്നെയായിരുന്നു, നമിത പറഞ്ഞു.

യോഗയും ആത്മീയതയുമാണ് തനിക്ക് ആശ്വാസമായതെന്നും അതാണ് തന്നെ വിഷാദത്തില്‍ നിന്ന് രക്ഷിച്ചതെന്നും നമിത ഇന്‍സ്റ്റഗ്രാമില്‍ എഴുതി. നിരവധി പേരാണ് നമിതയുടെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. വിഷാദത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളാണ് വേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Namitha Says About Depression

We use cookies to give you the best possible experience. Learn more