വിവാഹ ശേഷം സിനിമയിലേക്കില്ല; അമ്മയെപ്പോലെ വീട്ടമ്മയാകാനാണ് ആഗ്രഹം: നമിത പ്രമോദ്
Mollywood
വിവാഹ ശേഷം സിനിമയിലേക്കില്ല; അമ്മയെപ്പോലെ വീട്ടമ്മയാകാനാണ് ആഗ്രഹം: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd September 2018, 3:33 pm

മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ബാലതാരമായി സിനിമയിലെത്തിയ നമിത പ്രമോദ്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായെത്തിയത്.

എന്നാല്‍ വിവാഹശേഷം താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് നമിത പറയുന്നത്. കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നമിത വിവാഹം സംബന്ധിച്ച കാര്യത്തില്‍ മനസ് തുറന്നത്.

വിവാഹത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം തുടരാന്‍ താല്‍പര്യമില്ല. തന്റെ അമ്മയെ പോലെ വീട്ടമ്മയായിരിക്കാനാണ് തന്റെ ആഗ്രഹമെന്നും നമിത പറഞ്ഞു.


ALSO READ: ഭാര്യമാരുടെ ക്രൂരതയ്ക്ക് ഇരയാകുന്ന പുരുഷന്മാര്‍ക്ക് ‘പുരുഷ കമ്മീഷന്‍’ വേണമെന്ന് ബി.ജെ.പി എം.പിമാര്‍


കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ തുടങ്ങിയിട്ടില്ല. കുറച്ച് കൂടി പക്വത വന്നിട്ടേ അതേപ്പറ്റി ആലോചിക്കുന്നുള്ളു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കി, വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ച് കഴിയാനാണ് ഇഷ്ടമെന്നാണ് നമിത പറഞ്ഞത്.

എല്ലാ കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്. ഞാന്‍ എന്റെ അമ്മയെ കണ്ട് വളര്‍ന്ന പെണ്‍കുട്ടിയാണ്. അമ്മ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു.

അതുപോലെ നല്ലൊരു കുടുംബിനിയായി കഴിയാനാണ് തനിക്കും ഇഷ്ടമെന്ന് നമിത അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും നമിത പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കട്ടഫാനാണ് താനെന്നും വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് വിട്ടുപോകുന്നതിന് മുമ്പ് ഇരുവരുടെയും കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നമിത പറഞ്ഞു.