താന്‍ ട്രാഫിക്ക് എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടി നമിത പ്രമോദ്. ട്രാഫിക്ക് ആയിരുന്നു നമിതയുടെ ആദ്യ സിനിമ. ആ സിനിമയുടെ സംവിധായകന്‍ രാജേഷ് പിള്ളയെ പറ്റി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ സിനിമാ മേഖലയിലേക്ക് വന്നതിന് ശേഷം ഇന്നും ഓര്‍ത്തുവെക്കുന്ന ഒരാള്‍ ട്രാഫിക് സിനിമയുടെ സംവിധായകനായ രാജേഷങ്കിളിനെയാണ്. കാരണം അത്രയും വലിയ ഒരു പ്രൊജക്റ്റില്‍ എന്നെ ഉള്‍കൊള്ളിക്കാമെന്ന് അദ്ദേഹത്തിന് തോന്നിയല്ലോ.
എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ട്രാഫിക്കിന്റെ സ്‌ക്രിപ്റ്റ് പറയാന്‍ വന്ന സമയത്ത് ഞാന്‍ ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അന്ന് രാവിലെ അമ്മയുണ്ടാക്കിയ ദോശയും സാമ്പാറും കഴിക്കുകയായിരുന്നു, അത് കഴിഞ്ഞ് ക്ലാസിലും പോകണം.
ഞാനിത് കഴിക്കുന്നതിന്റെ ഇടയില്‍ അങ്കിള്‍ അവിടെ കഥ പറയുകയാണ്. ഇടക്ക് എന്നോട് പറയുന്നുണ്ട്, ‘മോള് കഴിച്ചോ ഞാന്‍ കഥ പറഞ്ഞോളാം’ എന്ന്. അങ്കിള്‍ കഥ പറയുന്നതിന്റെ ഇടയില്‍ അമ്മ എനിക്ക് മുടിയില്‍ റിബണൊക്കെ കെട്ടി തരുന്നുണ്ട്.
ഞാന്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ റെസ്‌പെക്റ്റ് ചെയ്യാന്‍ കാരണം, അന്ന് ഞാന്‍ സിനിമയില്‍ ഒന്നുമല്ലായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് പറയാമായിരുന്നു, ഇങ്ങനെയൊരു സിനിമയുണ്ട് നല്ല കഥാപാത്രമാണ്. താത്പര്യമുണ്ടെങ്കില്‍ വന്ന് ചെയ്യാമെന്ന്.
പക്ഷെ അങ്കിള്‍ ആ സ്റ്റോറി മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു. ചെറിയ ആക്ടര്‍ ആണെങ്കിലും വലിയ ആക്ടറാണെങ്കിലും ആ ആള്‍ക്ക് കൊടുക്കുന്ന റെസ്‌പെക്ട് ഉണ്ടല്ലോ, അത് അങ്കിളിനുണ്ടായിരുന്നു.
എനിക്ക് ആ കഥ കേള്‍ക്കുന്ന സമയത്ത് അതിന്റെ സീരിയസ്‌നെസ് ഒട്ടുമുണ്ടായിരുന്നില്ല. എനിക്ക് ആ കഥ അന്ന് മനസിലായിട്ടുമുണ്ടായിരുന്നില്ല. പിന്നെ ട്രാഫിക്ക് സിനിമയങ്ങനെ പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുന്നതല്ലായിരുന്നു,’ നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod Talks About Traffic Movie Director