|

ഒരുപാട് ഇഷ്ടമുള്ള നടന്‍; എപ്പോഴും അടുത്ത് നില്‍ക്കുന്ന ആളായി തോന്നും: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് അഭിനയം ആരംഭിച്ച നടിയാണ് നമിത പ്രമോദ്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടി സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. നമിത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മച്ചാന്റെ മാലാഖ.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് നായകനായി എത്തുന്നത്. നമിതയും സൗബിനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്. ഇപ്പോള്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ ഷാഹിറിനെ കുറിച്ച് പറയുകയാണ് നമിത പ്രമോദ്.

തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൗബിനെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും നടി പറയുന്നു. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും സിനിമയുമൊക്കെ കാണുമ്പോള്‍ ഒരിക്കലും അദ്ദേഹം റിലേറ്റബിള്‍ അല്ലാത്ത ആളാണെന്ന് തോന്നില്ലെന്നും നമിത പറഞ്ഞു.

‘എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് സൗബിക്ക. അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ശ്രദ്ധിച്ചിട്ടുള്ള ആള് കൂടെയാണ് ഞാന്‍. ഒരു നടന്‍ എന്ന രീതിയില്‍ എനിക്ക് അദ്ദേഹത്തിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും സിനിമയുമൊക്കെ കണ്ടിട്ട് നമുക്ക് ഒരിക്കലും റിലേറ്റബിള്‍ അല്ലാത്ത ആളാണെന്ന് തോന്നിയിട്ടില്ല.

സൗബിക്ക ഒട്ടും അംപ്രോച്ചബിള്‍ അല്ലെന്ന് തോന്നില്ല. എപ്പോഴും നമുക്ക് അടുത്ത് നില്‍ക്കുന്ന ആളായിട്ട് മാത്രമാണ് തോന്നുക. അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടൊന്നും എനിക്ക് ഉണ്ടായിട്ടില്ല,’ നമിത പ്രമോദ് പറഞ്ഞു.

മച്ചാന്റെ മാലാഖ:

അജീഷ് പി. തോമസിന്റെ രചനയില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന ഈ സിനിമയില്‍ സൗബിന്‍ ഷാഹിറിനും നമിത പ്രമോദിനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, ശാന്തി തട്ടില്‍, വിനീത് തട്ടില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Namitha Pramod Talks About Soubin Shahir

Video Stories