മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടാണ് നമിത അഭിനയം ആരംഭിച്ചത്. അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
പിന്നീട് 2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടി സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഇപ്പോള്‍ നമിത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മച്ചാന്റെ മാലാഖ.
സിനിമയില്‍ നായകനായി എത്തിയത് സൗബിന്‍ ഷാഹിറാണ്. നമിതയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മച്ചാന്റെ മാലാഖക്കുണ്ട്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ ഷാഹിറിനെ കുറിച്ച് പറയുകയാണ് നമിത പ്രമോദ്.
‘സൗബിക്ക ഞാന്‍ സിനിമയില്‍ കണ്ട ഒരു അടിപൊളി മച്ചാനാണ്. ഞാന്‍ മച്ചാന്റെ മാലാഖയില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ സൗബിക്കയുടെ പേര് പറഞ്ഞിരുന്നു. ഇപ്പോഴുള്ള ആക്ടേഴ്‌സില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആള്‍ ആരാണ് എന്ന ചോദ്യത്തിനായിരുന്നു ഞാന്‍ അന്ന് സൗബിക്കയുടെ പേര് പറഞ്ഞത്. ഏകദേശം രണ്ടുവര്‍ഷം മുമ്പാണ് ആയിരുന്നു അത്.
എനിക്ക് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് വളരെ ഇഷ്ടമാണ്. സൗബിക്കയെ പരിചയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം വളരെ കൂളായ മനുഷ്യനാണെന്ന് എനിക്ക് മനസിലാകുന്നത്. എല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കാനും അത് അവരെ കൊണ്ട് കഴിപ്പിക്കാനും ഇഷ്ടമുള്ള നടന്‍ കൂടെയാണ് സൗബിക്ക.
മച്ചാന്റെ മാലാഖയുടെ ഷൂട്ടിങ്ങ് സമയത്താണ് എനിക്ക് അത് മനസിലായത്. ആ സമയത്ത് സൗബിക്ക രാവിലെ മുതല്‍ ലൊക്കേഷനിലേക്ക് ഇഡ്ഡലിയും ചമ്മന്തിയും ചിക്കന്‍ ഫ്രൈയും ഫിഷ് ഫ്രൈയുമൊക്കെ എല്ലാവര്‍ക്കുമായി കൊണ്ടുവരുമായിരുന്നു,’ നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod Talks About Soubin Shahir