മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടാണ് നമിത തന്റെ അഭിനയം ആരംഭിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നടിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് (2011) എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയില്‍ എത്തിയത്. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ നമിത ആദ്യമായി നായികയായി.
ഇപ്പോള്‍ മച്ചാന്റെ മാലാഖയാണ് നമിത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ തന്റെ മാലാഖമാരെ കുറിച്ച് പറയുകയാണ് നമിത പ്രമോദ്.
സിനിമയില്‍ ഓരോ ഘട്ടത്തിലും ഓരോ ആളുകളെയാണ് തനിക്ക് മാലാഖമാരായി തോന്നിയിട്ടുള്ളതെന്നാണ് നടി പറയുന്നത്. ആദ്യ മാലാഖ ആന്റോ ജോസഫായിരുന്നുവെന്ന് പറയുന്ന നമിത ലാല്‍ ജോസിനെ കുറിച്ചും സിദ്ധാര്‍ത്ഥ് ശിവയെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു.
‘എനിക്ക് സത്യത്തില്‍ സിനിമയില്‍ ഓരോ ഘട്ടത്തിലും ഓരോ ആളുകളെയാണ് മാലാഖമാരായി തോന്നിയിട്ടുള്ളത്. എന്റെ ആദ്യത്തെ മാലാഖ ആന്റോ അങ്കിളായിരുന്നു, ആന്റോ ജോസഫ്. അദ്ദേഹമാണ് ആദ്യമായി എന്നെ സത്യന്‍ അങ്കിളിന് പരിചയപ്പെടുത്തി കൊടുക്കുന്നത്.
പിന്നെ എനിക്ക് നല്ല ഹിറ്റ് സിനിമകള്‍ തന്നത് ലാലു അങ്കിളാണ്. സംവിധായകന്‍ ലാല്‍ ജോസ്. അതുകൊണ്ട് തന്നെ ലാലു അങ്കിള്‍ എനിക്ക് ഒരു സമയത്ത് മാലാഖ ആയിരുന്നു.
പിന്നെയുള്ള ഒരു മാലാഖ സിദ്ധാര്‍ത്ഥ ശിവയാണ്. ഒരു ഘട്ടത്തില്‍ ഞാനൊരു ഓഫ് ബീറ്റ് സിനിമ ചെയ്തിരുന്നു. അപ്പോള്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ എന്റെ ചില ടിപ്പിക്കല്‍ സംഭവങ്ങളും തെറ്റുകളും മനസിലാക്കി തന്നത് സിദ്ധുവേട്ടനാണ്.
ഇവരൊക്കെ ഓരോ സമയത്തും എന്റെ മാലാഖമാരായിരുന്നു. ഇപ്പോള്‍ ആരും മാലാഖയായിട്ട് ഇല്ല. മാലാഖ വരട്ടെ (ചിരി),’ നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod Talks About Lal Jose And Sidharth Siva