വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് അഭിനയം ആരംഭിച്ച നടിയാണ് നമിത പ്രമോദ്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടി സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുള്ള സിനിമകള്‍ കാണാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നമിത പ്രമോദ്.
തനിക്ക് കോമഡി സിനിമകള്‍ കാണാനാണ് ഇഷ്ടമെന്നും ചതിക്കാത്ത ചന്തുവാണ് ഏറ്റവും ഇഷ്ടമുള്ള സിനിമയെന്നും നമിത പറയുന്നു. തെങ്കാശിപ്പട്ടണം, പഞ്ചാബിഹൗസ്, ചോക്ലേറ്റ്, മീശമാധവന്‍, പറക്കും തളിക, കിലുക്കം ഉള്‍പ്പെടെയുള്ള സിനിമകളെ പറ്റിയും നടി പറഞ്ഞു.
തനിക്ക് ഇഷ്ടപ്പെട്ട കുറേ ലോകസിനിമകളുണ്ടെന്നും പക്ഷെ നമ്മുടെ ചൈല്‍ഡ്ഹുഡ് വളരെ കളര്‍ഫുള്‍ ആക്കിയ കോമഡി ഴോണറില്‍ എത്തിയ ഇത്തരം മലയാള സിനിമകളാണ് എന്നും പ്രിയപ്പെട്ടതെന്നും നമിത പ്രമോദ് കൂട്ടിച്ചേര്‍ത്തു. അപര്‍ണയുടെ അണ്‍ഫിള്‍ട്ടേര്‍ഡ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് കോമഡി സിനിമകള്‍ കാണാന്‍ വലിയ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം എന്തോ സംസാരിക്കുമ്പോള്‍ ഞാന്‍ വീട്ടില്‍ പറഞ്ഞ കാര്യമായിരുന്നു ഇത്. എനിക്ക് ക്ലാസിക് സിനിമകളും ഇഷ്ടമാണ് കോമഡി സിനിമകളും ഇഷ്ടമാണ്.
ഞാന്‍ കഴിഞ്ഞ ദിവസം കാറില്‍ ഇരിക്കുമ്പോള്‍ അച്ഛനോട് ഇഷ്ടമുള്ള സിനിമകളെ കുറിച്ച് സംസാരിച്ചു. എനിക്ക് കോമഡി പടങ്ങള്‍ ഇഷ്ടമാണെന്ന് പറഞ്ഞു. അച്ഛന് ഏത് സിനിമയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കുറേ സിനിമകളുടെ പേര് പറഞ്ഞു.
അപ്പോള്‍ ഞാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതാണെന്ന് പറഞ്ഞു. ചതിക്കാത്ത ചന്തുവായിരുന്നു ആ സിനിമ. പിന്നെ തെങ്കാശിപ്പട്ടണം, പഞ്ചാബിഹൗസ്, ചോക്ലേറ്റ്. അങ്ങനെ കുറേ സിനിമകളുണ്ട്.
കുമ്പളങ്ങിനൈറ്റ്‌സ് സിനിമയും പത്മരാജന്‍ സാറിന്റെ സിനിമകളും തൂവാനത്തുമ്പികളുമൊക്കെ എനിക്ക് ഇഷ്ടമാണ് കേട്ടോ. പക്ഷെ എനിക്ക് വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹമുള്ള സിനിമകളാണ് കോമഡി ചിത്രങ്ങള്‍. നമ്മുടെ ചൈല്‍ഡ്ഹുഡ് വളരെ കളര്‍ഫുള്‍ ആക്കിയത് ആ സിനിമകളാണ്.
മീശമാധവന്‍, പറക്കും തളിക ഉള്‍പ്പെടെയുള്ള കുറേ സിനിമകളുണ്ട്. പിന്നെ ലോക സിനിമകളൊക്കെ ഞാന്‍ തീര്‍ച്ചയായും കാണാറുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട കുറേ ലോക സിനിമകളുണ്ട്. പക്ഷെ കിലുക്കം പോലെയുള്ള ഇത്തരം മലയാള സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്,’ നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod Talks About Her Fav Movies