പലപ്പോഴും തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരാറുണ്ടെന്ന് നടി നമിത പ്രമോദ്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഒരുപാട് വന്ന സാഹചര്യത്തില്‍ താന്‍ എപ്പോള്‍ കല്യാണം കഴിക്കണമെന്ന് അച്ഛനോട് ചോദിച്ചുവെന്നും തോന്നുമ്പോള്‍ കല്യാണം കഴിച്ചാല്‍ മതിയെന്നാണ് അച്ഛന്‍ മറുപടി പറഞ്ഞെന്നും നമിത പറഞ്ഞു.
വിവാഹം എപ്പോള്‍ കഴിക്കണമെന്ന് തീരുമാനിക്കുന്നത് സ്വയമായിരിക്കണെമെന്നും കല്യാണത്തിന് മുമ്പ് സാമ്പത്തികമായ സ്വയംപര്യാപ്തത നേടിയിരിക്കണമെന്നും നമിത പ്രമോദ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നമിത പ്രമോദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആര് കണ്ടാലും ആദ്യം ചോദിക്കുന്നത് കല്യാണം ആയോ എന്നാണ്. എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണെങ്കിലും ഇങ്ങനെയൊക്കെ ചോദിക്കാമോ. ഒരു ഇരുപത്തിയാറ് ഇരുപത്തിയേഴ് വയസൊക്കെ കഴിയുമ്പോള്‍ ഒരാളെ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. എല്ലാവരും എന്നോട് ചോദിക്കുന്നത് കല്യാണമായോ എന്നാണ്.
ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ എന്റെ അച്ഛന്റെയടുത്ത് ചോദിച്ചു, ഞാന്‍ എപ്പോഴാണ് കല്യാണം കഴിക്കേണ്ടതെന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ‘എന്റെ മോളെ നീ നിനക്ക് തോന്നുമ്പോള്‍ കെട്ടിയാല്‍ മതിയെന്ന്’. ഇതിലൊന്നും ഒരു കാര്യവുമില്ലെന്നാണ് അച്ഛന്‍ പറഞ്ഞത്. അതുപോലെ ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നും അച്ഛന്‍ പറഞ്ഞു.
ഒരു മിഡില്‍ ക്ലാസില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും ഹൈ ക്ലാസില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും സാധാരണ പെണ്‍കുട്ടിയാണെങ്കിലും തോന്നുമ്പോള്‍ മാത്രം കല്യാണം കഴിച്ചാല്‍ മതി. ഞാനൊക്കെ സാധാരണ കുടുംബത്തില്‍ നിന്നും വരുന്നയാളാണ്. അതിപ്പോള്‍ ആര് തന്നെയാണെങ്കിലും നമ്മുടെ നാളത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
ഇന്ന് നില്‍ക്കുന്ന പൊസിഷനിലായിരിക്കില്ല നമ്മള്‍ നാളെയുണ്ടാകുന്നത്. പ്രത്യേകിച്ച് സാമ്പത്തിക കാര്യത്തില്‍ എപ്പോഴും മാറ്റം സംഭവിക്കും. നമ്മള്‍ എത്ര വലിയ ആളാണെങ്കിലും അങ്ങനെ തന്നെയാണ്, ഇതെല്ലാം എല്ലാര്‍ക്കും ബാധകമാണ്. നമ്മള്‍ക്ക് എപ്പോഴും ഒരു അഭിപ്രായം ഉണ്ടാകണം അതുപോലെ നമ്മള്‍ എപ്പോഴും സ്വയം പര്യാപ്തരുമായിരിക്കണം,’ നമിത പ്രമോദ് പറഞ്ഞു.
CONTENT HIGHLIGHT: NAMITHA PRAMOD TALKS ABOUT HER FATHER