സീരിയലിലൂടെ സിനിമയിലേക്കെത്തിയ താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് നമിത അഭിനയലോകത്തേക്ക് എത്തിയത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെ സിനിമയിലേക്കെത്തിയ നമിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
തനിക്ക് ലഭിച്ച ആദ്യത്തെ ട്രോളിനെക്കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദ്. ഒരു ചാനലിന്റെ ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയെപ്പറ്റിയും അതിലെ കഥാപാത്രങ്ങളെപ്പറ്റിയും തന്നോട് ചോദിച്ചിരുന്നുവെന്ന് നമിത പ്രമോദ് പറഞ്ഞു. താന്‍ ആ സിനിമ കണ്ടിട്ടുണ്ടെന്നും വളരെ ഇഷ്ടമുള്ള സിനിമയാണ് അതെന്നും നമിത കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമയെപ്പറ്റി ചോദിച്ചപ്പോള്‍ ഏതോ ഒരു ഉത്തരം തെറ്റിപ്പോയെന്ന് നമിത പറഞ്ഞു. അത് പിന്നീട് ഒരുപാട് ട്രോളിന് വിധേയമായി. അതേ സമയത്താണ് ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് ആലിയ ഭട്ട് പൃഥ്വിരാജ് ചൗഹന്‍ എന്ന് പറഞ്ഞതെന്നും നമിത കൂട്ടിച്ചേര്‍ത്തു. അന്ന് ആ വീഡിയോ ഒരുപാട് ട്രോളിന് വിധേയമായെന്ന് നമിത പറഞ്ഞു.
തന്റെയും ആലിയയുടെയും വീഡിയോകള്‍ കമ്പയര്‍ ചെയ്ത് ഒരുപാട് ട്രോളുകള്‍ വന്നെന്നും നമിത പ്രമോദ് കൂട്ടിച്ചേര്‍ത്തു. ആ വാര്‍ത്ത പിന്നീട് ഏതോ ഒരു പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ അടക്കം വന്നെന്നും ഒരുപാട് റീച്ച് അത്തരം ട്രോളിന് ലഭിച്ചിരുന്നെന്നും നമിത പ്രമോദ് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു നമിത പ്രമോദ്.
‘എന്നെക്കുറിച്ചുള്ള ട്രോളുകളില്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് 10 വര്‍ഷം മുമ്പ് എങ്ങാണ്ടുള്ള ഒന്നാണ്. ഏഷ്യാനെറ്റില്‍ ഒരു ഷോയുടെ ആവശ്യത്തിനായി ഞാന്‍ പോയിട്ടുണ്ടായിരുന്നു. അന്ന് ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയെപ്പറ്റി എന്നോട് ചോദിച്ചു. ഞാന്‍ ആ സിനിമ മൂന്നുനാല് പ്രാവശ്യം കണ്ടിട്ടുള്ളതാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പടമായിരുന്നു അത്. പക്ഷേ, അതിലെ ഏതോ ഒരു ക്യാരക്ടറെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ തെറ്റായിട്ടുള്ള ഉത്തരമാണ് പറഞ്ഞത്.
ഏതാണ്ട് അതേ സമയത്തായിരുന്നു ആലിയ ഭട്ടിനോട് ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് ചൗഹാനാണെന്ന് പറഞ്ഞതും. ആ വീഡിയോയും ഒരുപാട് പേര്‍ ട്രോളിയിട്ടുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ രണ്ട് പേരുടെയും മണ്ടത്തരത്തെ ട്രോളിക്കൊണ്ടുള്ള മീം വന്നിരുന്നു. ഏതോ ഒരു പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റിലും ആ വാര്‍ത്തയുണ്ടായിരുന്നു,’ നമിത പ്രമോദ് പറയുന്നു.
Content Highlight: Namitha Pramod about the troll she got in her career