Advertisement
Entertainment news
ഉറക്കത്തിനിടയില്‍ ഒരു ഫോണ്‍ വന്നു, പിന്നെ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് നടന്നത്: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 28, 06:11 am
Saturday, 28th January 2023, 11:41 am

നടി നമിത പ്രമോദ് പുതുതായി ആരംഭിച്ച കഫേയില്‍ മമ്മൂട്ടി വന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപ്രതീക്ഷിതമായി മമ്മൂട്ടി നടത്തിയ വിസിറ്റില്‍ അത്ഭുതത്തോടെ നില്‍ക്കുന്ന നമിതയേയും വീഡിയോയില്‍ കാണാമായിരുന്നു. മമ്മൂട്ടി കഫേയില്‍ വന്നതിനെ കുറിച്ചും അദ്ദേഹത്തിന് ഇക്കാര്യം പറഞ്ഞ് മെസേജ് അയച്ചതിനെ കുറിച്ചും പറയുകയാണ് നമിത.

താന്‍ കഫേ തുടങ്ങാന്‍ പോവുകയാണ് ഉറപ്പായും അവിടേക്ക് വരണമെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് വോയ്‌സ് മെസേജ് അയച്ചിരുന്നെന്ന് താരം പറഞ്ഞു. ഉറപ്പായും വരുമെന്ന് മമ്മൂട്ടി പറഞ്ഞെങ്കിലും വരുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും നമിത പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മമ്മൂക്കയുടെ ഗ്ലാമര്‍ കണ്ടിട്ട് ഞങ്ങളുടെ കഫേ തന്നെ ഞെട്ടി. ഞാന്‍ അനങ്ങാതെ ഒരു അഞ്ച് മിനിറ്റ് നിന്ന് പോയി. എന്റെ എല്ലാ കൂട്ടുകാരും വന്നിട്ടാണ് ഉദ്ഘാടനം നടത്തിയത്. ചിലര്‍ക്കൊന്നും വരാന്‍ പറ്റിയിരുന്നില്ല. എനിക്ക് എപ്പോഴും പെണ്‍കുട്ടികളുടെ ഈ കൂട്ടായ്മ ഭയങ്കര ഇഷ്ടമാണ്. ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു പുതിയൊരു പരിപാടി തുടങ്ങാന്‍ പോവുകയാണെന്ന്. ഞാന്‍ ഒന്നും നോക്കിയില്ല മമ്മൂക്കക്ക് ഒരു വോയിസ് മെസേജ് അങ്ങോട്ട് അയച്ചു.

ഞാന്‍ ഇങ്ങനെയൊരു കഫേ തുടങ്ങാന്‍ പോവുകയാണ് മമ്മൂക്ക. എന്നെങ്കിലും അവിടെ വരെയൊന്ന് വരണം എന്നൊക്കെ പറഞ്ഞാണ് ഞാന്‍ മെസേജ് അയച്ചത്. പുളളി എങ്ങനെയത് എടുക്കും, എന്ത് മറുപടി തരും എന്നൊന്നും ഞാന്‍ ആലോചിച്ചത് പോലുമില്ല. ഉടനെ തന്നെ മമ്മൂക്ക എനിക്ക് മറുപടി അയച്ചു. ഇങ്ങനെയൊരു കഫേ തുടങ്ങുന്നതിനും ബിസിനസിലേക്ക് കടക്കുന്നതിനുമൊക്കെ എനിക്ക് വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂക്ക അയച്ച മറുപടി.

ഇങ്ങനെ നമ്മളെ മോട്ടിവേറ്റ് ചെയ്യുന്ന രീതിയില്‍ ഒരുപാട് മെസേജ് അയച്ചിട്ട് ഉറപ്പായും അവിടെ ഞാന്‍ വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഉദ്ഘാടനത്തിന്റെ അന്നോ അല്ലെങ്കില്‍ അതിന്റെ അടുത്ത ദിവസമോ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാക്കിയെല്ലാം ജോര്‍ജ് വിളിച്ച് പറയുമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ ഞാന്‍ ജോര്‍ജ് അങ്കിളിനെ വിളിച്ചു. അങ്കിള്‍ പറഞ്ഞു മമ്മൂക്ക വരുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന്.

ഞാന്‍ അപ്പോഴും കരുതുന്നില്ല മമ്മൂക്ക അവിടേക്ക് വരുമെന്ന്. വെറുതെ പറയുകയാണെന്നാണ് എന്റെ ധാരണ. പിന്നെ ഉദ്ഘാടനമൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ പോയി കിടന്നുറങ്ങി. ഞാന്‍ ഉറങ്ങുന്ന സമയത്ത് രമേഷേട്ടന്‍ മാറി മാറി എന്നെ ഫോണില്‍ വിളിക്കുന്നുണ്ട്. ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ രമേഷേട്ടന്‍ എന്നോട് ചോദിച്ചു നീ എവിടെയാണെന്ന്. ഞാന്‍ പറഞ്ഞു ഉറങ്ങുകയാണെന്ന്.

അപ്പോള്‍ ചേട്ടന്‍ പറഞ്ഞു ഒരു അഞ്ച് മിനിറ്റില്‍ മമ്മൂക്ക അങ്ങോട്ടേക്ക് വരുമെന്ന്. നീ കഫേയിലുണ്ടോ എന്നും ചോദിച്ചു. പിന്നെ ഞാന്‍ ചാടി എഴുന്നേറ്റ് കിട്ടിയ ഡ്രസൊക്കെയിട്ട് കഫേയിലേക്ക് പോകാനിറങ്ങി. അവിടെ എന്റെ അമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. മമ്മൂക്ക കഫേയിലേക്ക് വരുന്നുണ്ടെന്ന് ഞാന്‍ അമ്മൂമ്മയോട് പറഞ്ഞു. എനിക്ക് സ്റ്റൈലിലൊന്ന് ഒരുങ്ങണമെന്ന് അമ്മൂമ്മ ഉടനെ പറഞ്ഞു. എങ്കില്‍ വരെണ്ടാ അവിടെ ഇരിന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ കഫേയിലേക്ക് പോയി.

ഞാന്‍ അവിടെയെത്തി രണ്ട് മിനിറ്റിനുള്ളില്‍ മമ്മൂക്കയും വന്നു. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്. ശരിക്കും പുള്ളിക്ക് എന്റെ കഫേയില്‍ വരേണ്ട ഒരു ആവശ്യവുമില്ല. എന്നാല്‍ പുള്ളി അവിടെ വന്നു. നിങ്ങളൊക്കെ ആ വീഡിയോ കണ്ട് ഞെട്ടിയത് പോലെ ഞാന്‍ നേരിട്ട് ഞെട്ടി നില്‍ക്കുകയായിരുന്നു,’ നമിത പ്രമോദ് പറഞ്ഞു.

content highlight: namitha pramod about mammootty’s visit in her new cafe