|

മമ്മൂട്ടിയാണോ വരുന്നത്, എങ്കില്‍ സ്‌റ്റൈലായിട്ടൊന്ന് ഒരുങ്ങി വരാമെന്ന് അമ്മൂമ്മ പറഞ്ഞു: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുതായി തുടങ്ങിയ കഫേയിലേക്ക് മമ്മൂട്ടി വന്നതിനെ കുറിച്ച് പറയുകയാണ് നടി നമിത പ്രമോദ്. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം രാവിലെ രമേഷ് പിഷാരഡിയാണ് തന്നെ വിളിച്ച് മമ്മൂട്ടി അഞ്ച് മിനിട്ടിനുള്ളില്‍ കഫേയിലേക്ക് വരുമെന്ന് പറഞ്ഞതെന്ന് നമിത പറഞ്ഞു. കയ്യില്‍ കിട്ടിയ ഡ്രസൊക്കെയിട്ട് അങ്ങോട്ട് പോകുന്നതിനിടില്‍ തന്റെ അമ്മൂമ്മയോട് മമ്മൂട്ടി വരുന്ന കാര്യം പറഞ്ഞെന്നും അപ്പോള്‍ അമ്മൂമ്മ പറഞ്ഞ രസകരമായ മറുപടിയും നമിത അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടി വരുന്നുണ്ടെങ്കില്‍ എനിക്ക് കുറച്ച് സ്റ്റൈലായിട്ടൊക്കെ ഒരുങ്ങണമെന്ന് അമ്മൂമ്മ പറഞ്ഞു എന്നാണ് നമിത പറഞ്ഞത്. അങ്ങനെയാണെങ്കില്‍ വരണ്ടെന്ന് താന്‍ പറഞ്ഞു എന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നമിത പ്രമോദ് പറഞ്ഞു.

‘കഫേയുടെ ഉദ്ഘാടനമൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ പോയി കിടന്നുറങ്ങി. പരിപാടിയൊക്കെ കഴിഞ്ഞപ്പോള്‍ തന്നെ നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ ഉറങ്ങുന്ന സമയത്ത് രമേഷേട്ടന്‍ (രമേഷ് പിഷാരഡി) മാറി മാറി എന്നെ ഫോണില്‍ വിളിക്കുന്നുണ്ട്. ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ രമേഷേട്ടന്‍ എന്നോട് ചോദിച്ചു നീ എവിടെയാണെന്ന്. ഞാന്‍ പറഞ്ഞു ഉറങ്ങുകയാണെന്ന്.

അപ്പോള്‍ ചേട്ടന്‍ പറഞ്ഞു ഒരു അഞ്ച് മിനിട്ടില്‍ മമ്മൂക്ക അങ്ങോട്ടേക്ക് വരുമെന്ന്. നീ കഫേയിലുണ്ടോ എന്നും ചോദിച്ചു. പിന്നെ ഞാന്‍ ചാടി എഴുന്നേറ്റ് കിട്ടിയ ഡ്രസൊക്കെയിട്ട് കഫേയിലേക്ക് പോകാനിറങ്ങി. ഞാന്‍ ഇറങ്ങിയപ്പോള്‍ അവിടെ എന്റെ അമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. മമ്മൂക്ക കഫേയിലേക്ക് വരുന്നുണ്ടെന്ന് ഞാന്‍ അമ്മൂമ്മയോട് പറഞ്ഞു. അങ്ങനെയാണെങ്കില്‍ എനിക്ക് സ്‌റ്റൈലിലൊന്ന് ഒരുങ്ങണമെന്ന് അമ്മൂമ്മ ഉടനെ പറഞ്ഞു. എങ്കില്‍ വരെണ്ടാ അവിടെ ഇരിന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ കഫേയിലേക്ക് പോയി.

ഞാന്‍ അവിടെയെത്തി രണ്ട് മിനിട്ടിനുള്ളില്‍ മമ്മൂക്കയും വന്നു. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്. ശരിക്കും പുള്ളിക്ക് എന്റെ കഫേയില്‍ വരേണ്ട ഒരു ആവശ്യവുമില്ല. എന്നാല്‍ പുള്ളി അവിടെ വന്നു. നിങ്ങളൊക്കെ ആ വീഡിയോ കണ്ട് ഞെട്ടിയത് പോലെ ഞാന്‍ നേരിട്ട് ഞെട്ടി നില്‍ക്കുകയായിരുന്നു,’ നമിത പ്രമോദ് പറഞ്ഞു.

താരം പുതുതായി ആരംഭിച്ച കഫേയില്‍ മമ്മൂട്ടി വന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപ്രതീക്ഷിതമായി മമ്മൂട്ടി നടത്തിയ വിസിറ്റില്‍ അത്ഭുതത്തോടെ നില്‍ക്കുന്ന നമിതയേയും വീഡിയോയില്‍ കാണാമായിരുന്നു.

താന്‍ കഫേ തുടങ്ങാന്‍ പോവുകയാണ് ഉറപ്പായും അവിടേക്ക് വരണമെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് വോയ്സ് മെസേജ് അയച്ചിരുന്നെന്നും ഉറപ്പായും വരുമെന്ന് മമ്മൂട്ടി പറഞ്ഞെങ്കിലും വരുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതേ അഭിമുഖത്തില്‍ നമിത പറഞ്ഞിരുന്നു.

content highlight: namitha pramod about  mammootty’s visit and grandma’s reaction