ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി ഒടുവില്‍ നായികയായി മികച്ചപ്രകടനം കാഴ്ചവെച്ചയാളാണ് നമിത പ്രമോദ്. നമിത സിനിമയിലെത്തിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം തികയുകയാണ്.
സിനിമ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റി തുറന്നുപറയുകയാണ് നമിത ഇപ്പോള്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ്സുതുറന്നത്.
ഇത്രയുംവര്‍ഷത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി ആഴമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് നമിത പറഞ്ഞു. ആദ്യ ചിത്രമായ പുതിയ തീരങ്ങള്‍ നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നുവെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒരു സാധാരണ നായികാ കഥാപാത്രമായിരുന്നുവെന്നും നമിത പറഞ്ഞു.
അതില്‍ നിന്നും ഒരു മാറ്റമുണ്ടായത് ഈയടുത്ത് ചെയ്ത മാര്‍ഗ്ഗം കളി എന്ന ചിത്രമായിരുന്നുവെന്നും അതിലെ ഊര്‍മിള എന്ന കഥാപാത്രം വളരെ നന്നായി എന്ന് പറഞ്ഞ് ധാരാളം പേര്‍ തന്നെ വിളിച്ചുവെന്നും നമിത പറഞ്ഞു.
സഹതാരങ്ങളോട് മത്സരബുദ്ധിയുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആരോടും മത്സരമില്ല എന്നായിരുന്നു നമിതയുടെ ഉത്തരം.
‘എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല.
പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചുനാള്‍ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്,’ നമിത പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Namitha Pramod About Acting Career