|

നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് നമിബിയ; ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗില്‍ നമിബിയന്‍ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് ടി.യു ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സി.ഡബ്ലിയു.സി ലീഗില്‍ നെതര്‍ലാന്‍ഡ്‌സി നെതിരെ നമിബിയക്ക് 24 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നെതര്‍ലാന്‍ഡ്‌സ് നമിബിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 41.3 ഓവറില്‍ 203 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു നമിബിയ.

മറുപടി ബാറ്റിങ്ങില്‍ 43.5 179 റണ്‍സിന് തകരുകയായിരുന്നു ഓറഞ്ച് ആര്‍മി. നമിബിയക്കുവേണ്ടി ഓപ്പണര്‍ മലന്‍ ക്രുഗര്‍ 48 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ അടക്കം 39 റണ്‍സ് നേടിയപ്പോള്‍ നിക്കോ ഡേവിന്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്. ഓറഞ്ച് ആര്‍മിയുടെ ബൗളിങ് ആക്രമണത്തില്‍ പിടിച്ചു നിന്നത് നിക്കോള്‍ ലോഫ്റ്റി ആണ്. 43 പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സ് ആണ് താരം നേടിയത്. മധ്യ നിരയില്‍ ഇറങ്ങിയ ജാന്‍ ഫ്രെയിലിങ്ക് 57 പന്തില്‍ നിന്ന് 34 റണ്‍സും നേടിയിരുന്നു.

ഓറഞ്ച് ആര്‍മിയുടെ പേസ് ബൗളര്‍ വിവിയന്‍ ആറ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സ്പിന്നര്‍ ആര്യന്‍ ദത്ത് ഒമ്പത് ഓവറില്‍ നിന്ന് ഒരു മെയ്ഡന്‍ അടക്കം 41 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നേടി. റോള്‍ഫ് വാണ്ടര്‍ മെര്‍വിക്കും രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചു.

മറുപടി ബാറ്റിങ്ങില്‍ നെതര്‍ലാന്‍ഡ്‌സ് ഓപ്പണര്‍ മിച്ചല്‍ ലവിട്ട് പൂജ്യം റണ്‍സിന് വിക്കറ്റ് ആയപ്പോള്‍ മാക്‌സ് ഓ ഡൗഡ് 64 പന്തിയില്‍ നിന്ന് ഒരു സിക്‌സറും നാല് ബൗണ്ടറിയും അടക്കം 41 റണ്‍സ് നേടി. മധ്യനിരയില്‍ ഇറങ്ങിയ ബാസ് ഡി ലീഡ് 44 പന്തില്‍ നിന്നും 24 റണ്‍സ് നേടി. എന്നാല്‍ ഏവരെയും അതിശയിപ്പിച്ചത് നാ ക്രോസ് ആയിരുന്നു. 56 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെ 46 റണ്‍സ് നേടി പുറത്താകാതെ താരം പിടിച്ചുനിന്നത്.

എന്നിട്ടും ഓറഞ്ച് ആര്‍മിക്ക് വിജയിക്കാനായില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ നമിബിയെയാണ് ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും സ്വന്തമാക്കി ആറു പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്ത് നേപ്പാള്‍ രണ്ടുപോയിന്റുമായും മൂന്നാം സ്ഥാനത്ത് നെതര്‍ലാന്‍ഡ് രണ്ടു പോയിന്റുമായും നില്‍ക്കുന്നുണ്ട്.

Content Highlight: Namibia Won Against Netherlands For 24 Runs