| Sunday, 16th October 2022, 2:37 pm

ആരെങ്കിലും വിചാരിച്ചോ ഇവന്‍മാര്‍ ഇത്രേം സൂപ്പറാ ന്ന്; വേള്‍ഡ് കപ്പ് തുടങ്ങി, ഒപ്പം പ്രവചിക്കാനാവാത്ത റിസള്‍ട്ടുകളും; ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്ക് നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ സൂപ്പര്‍ പ്രകടനം ലോകകപ്പില്‍ തുണയാകുമെന്ന് കരുതിയ ശ്രീലങ്കക്ക് അപ്രതീക്ഷിത തോല്‍വി. ക്വാളിഫയര്‍ ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കുഞ്ഞന്‍മാരായ നമീബിയ ആണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരെ അട്ടിമറിച്ചത്. 55 റണ്‍സിനായിരുന്നു ലങ്കയുടെ പരാജയം.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണ്‍മാരെയും നമീബിയക്ക് നഷ്ടമായിരുന്നു. ആറ് പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമെടുത്ത മൈക്കല്‍ വാന്‍ ലിന്‍ഗെനും ഒമ്പത് പന്തില്‍ നിന്നും ഒമ്പത് റണ്‍സെടുത്ത ഡിവാന്‍ ലാ കോക്കുമാണ് പുറത്തായത്.

നമീബിയന്‍ സ്‌കോര്‍ 35ല്‍ നില്‍ക്കവെ അടുത്ത വിക്കറ്റും വീണു. നിക്കോള്‍ ലോഫ്റ്റി ഈറ്റനാണ് പുറത്തായത്.

ടോപ് ഓര്‍ഡര്‍ പരുങ്ങിയപ്പോള്‍ ടീമിന്റെ മിഡില്‍ ഓര്‍ഡര്‍ പതുക്കെ സ്‌കോര്‍ ഉയര്‍ത്തി. സ്റ്റീഫന്‍ ബ്രാഡും ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസും ചേര്‍ന്ന് അടിത്തറയിട്ട ഇന്നിങ്‌സിന് ജാന്‍ ഫ്രൈലിങ്കും ജെ.ജെ. സ്മിത്തും പേസ് നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 163 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നമീബിയ ഇന്നിങ്‌സിന് വിരാമമിട്ടു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്കും പിഴച്ചു. ലങ്കന്‍ സ്‌കോര്‍ 21ല്‍ നില്‍ക്കവെ ടീമിന്റെ ടോപ് ഓര്‍ഡര്‍ നിലംപൊത്തി. പാതും നിസങ്ക ഒമ്പത് റണ്‍സും കുശാല്‍ മെന്‍ഡിസ് ആറ് റണ്‍സും നേടി പുറത്തായപ്പോള്‍ ധനഞ്ജയ ഡി സില്‍വ ടീം ടോട്ടലിലേക്ക് 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത് തിരിച്ചുനടന്നു.

നമീബിയയെ പോലെ മിഡില്‍ ഓര്‍ഡറാണ് ഇവിടെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ഏറെ പ്രതീക്ഷയായിരുന്ന ധനുഷ്‌ക ഗുണതിലക പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയും ഭാനുക രജപക്‌സെയും ഇന്നിങ്‌സിനെ നങ്കൂരമിട്ട് നിര്‍ത്തി.

എന്നാല്‍ ഇരുവരും പുറത്തായപ്പോള്‍ പിന്നീടെല്ലാം ചടങ്ങ് മാത്രമായി. ഇവര്‍ക്ക് പിന്നാലെയെത്തിയവരെല്ലാം തന്നെ ഒന്നിന് പിറകെ ഒന്നായി പുറത്തായപ്പോള്‍ ലങ്ക 19 ഓവറില്‍ 108ന് ഓള്‍ ഔട്ടായി. ഇതോടെയാണ് നമീബിയ 55 റണ്‍സിന്റെ വിജയം ആഘോഷിച്ചത്.

നമീബിയക്കായി ഡേവിഡ് വൈസ്, ബെര്‍നാര്‍ഡ് സ്‌കോള്‍ട്‌സ്, ബെന്‍ ഷികാന്‍ഗോ, ജാന്‍ ഫ്രൈലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജെ.ജെ. സ്മിത് ഒറ്റ വിക്കറ്റും സ്വന്തമാക്കി.

28 പന്തില്‍ നിന്നും 44 റണ്‍സ് നേടുകയും നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജാന്‍ ഫ്രൈലിന്‍ക് ആണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഫ്രൈലിങ്ക് തന്നെയാണ് കളിയിലെ താരവും.

ആദ്യ മത്സരത്തില്‍ ലങ്കയെ തറപറ്റിച്ചതോടെ സൂപ്പര്‍ 12ലെത്താനുള്ള സാധ്യതയും നമീബിയ സജീവമാക്കി.

ഒക്ടോബര്‍ 18നാണ് നമീബിയയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍.

Content Highlight: Namibia defeated Sri Lanka in the World Cup

We use cookies to give you the best possible experience. Learn more