കര്‍ണാടകയുടെ നമീബിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി നമീബിയ. ആദ്യ മത്സരത്തിലെ പരാജയത്തിന് പിന്നാലെ തിരിച്ചടിച്ച നമീബിയ ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.
വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നമീബിയ എതിരാളികളെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
കെ.പി.എല്ലില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ താരമായ രേവണ്ണ ചേതന്റെയും മംഗളൂരു യുണൈറ്റഡ് താരം നികിന്‍ ജോസിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ കര്‍ണാടക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടി.
147 പന്തില്‍ നിന്നും 13 ബൗണ്ടറിയുടെയും എട്ട് സിക്‌സറിന്റെയും അകമ്പടിയോടെ 114.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 169 റണ്‍സ് നേടിയപ്പോള്‍ നികിന്‍ ജോസ് 109 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 103 റണ്‍സ് നേടി.
ഇവര്‍ക്ക് പുറമെ 27 പന്തില്‍ നിന്നും പുറത്താകാതെ 59 റണ്‍സ് നേടിയ കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥും സ്‌കോറിങ്ങില്‍ നിര്‍ണായകമായി. ഒരു ബൗണ്ടറിയും ആറ് സിക്‌റുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
നമീബിയക്കായി കാള്‍ ബിര്‍കെന്‍സ്റ്റോക്, ബെന്‍ ഷികോംഗോ, ജാന്‍ ഫ്രൈലിന്‍ക്, ജെറാര്‍ഡ് എറാസ്‌നസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
300 പന്തില്‍ 361 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ നമീബിയക്ക് ഓപ്പണര്‍മാരായ സ്റ്റീഫന്‍ ബാര്‍ഡും നിക്കോളാസ് ഡേവിനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
20ാം ഓവറിലെ അവസാന പന്തിലാണ് നമീബിയയുടെ ആദ്യ വിക്കറ്റ് വീണത്. ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥിന്റെ പന്തില്‍ രേവണ്ണ ചേതന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ മൈക്കല്‍ വാന്‍ ലിങ്കന്‍ സ്‌കോറിങ്ങിന്റെ പേസ് കുറയാതെ നോക്കി. മികച്ച രീതിയില്‍ ബാറ്റ് വീശിയ ലിങ്കനും ഡേവിനും രണ്ടാം വിക്കറ്റിലും മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തി.
ഒടുവില്‍ ടീം സ്‌കോര്‍ 146ല്‍ നില്‍ക്കവെ 62 പന്തില്‍ നിന്നും 70 റണ്‍സുമായി ഡേവിനും പുറത്തായി.
ശേഷം നാലാമനായി എത്തിയ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്‌നസിനൊപ്പം ചേര്‍ന്നായി ലിങ്കന്റെ ആറാട്ട്. 146ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 334ല്‍ ആണ്. 67 പന്തില്‍ നിന്നും 91 റണ്‍സടിച്ച എറാസ്‌നസിന്റെ വിക്കറ്റാണ് നമീബിയക്ക് അടുത്തതായി നഷ്ടമായത്. ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ലിങ്കനും പുറത്തായി. സെഞ്ച്വറിയടിച്ചാണ് ലിങ്കന്‍ നമീബിയന്‍ നിരയില്‍ തരംഗമായത്.
ഒടുവില്‍ ഒരു പന്ത് ബാക്കി നില്‍ക്കവെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി നമീബിയ വിജയലക്ഷ്യം മറികടന്നു.
ജൂണ്‍ ഏഴിനാണ് പരമ്പരയിലെ അടുത്ത മത്സരം. വാണ്ടറേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് തന്നെയാണ് വേദി.
Content Highlight: Namibia beats Karnataka