ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഇസ്രഈലിനെ സംരക്ഷിക്കുന്ന ജര്‍മനിയുടെ നിലപാടിനെതിരെ നമീബിയ
World News
ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഇസ്രഈലിനെ സംരക്ഷിക്കുന്ന ജര്‍മനിയുടെ നിലപാടിനെതിരെ നമീബിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th January 2024, 10:37 pm

വിന്‍ഡ്‌ഹോക്ക്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരായി ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് തള്ളാനുള്ള ജര്‍മനിയുടെ തീരുമാനത്തെ അപലപിച്ച് നമീബിയ. ജര്‍മനിയുടെ നിലപാടുകളില്‍ പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് നമീബിയയുടെ വിമര്‍ശനം.

ഇരുപതാം നൂറ്റാണ്ടിലെ ജര്‍മന്‍ കൊളോണിയല്‍ ഭരണകാലത്ത് ആദ്യമായി വംശഹത്യ നടന്ന രാജ്യം കൂടിയാണ് നമീബിയ. നമീബിയയില്‍ നടത്തിയ കൂട്ടക്കൊലയില്‍ വംശഹത്യക്കെതിരായ യു.എന്‍ കണ്‍വെന്‍ഷന്‍ പ്രകാരം ജര്‍മനിക്ക് ധാര്‍മികമായി പ്രായശ്ചിത്തം ചെയ്യാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതേ നിലപാടുകളാണ് ഗസയിലെ പ്രശ്‌നങ്ങളിലും ജര്‍മനി സ്വീകരിക്കുന്നതെന്ന് നമീബിയ ചൂണ്ടിക്കാട്ടി.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്ക് ജര്‍മനി പിന്തുണ നല്‍കുകയാണെന്നും നമീബിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന കൂട്ടക്കൊലയെ സമാധാനകാംക്ഷികളായ ഒരു മനുഷ്യനും അവഗണിക്കാനാവില്ലെന്നും നമീബിയ കൂട്ടിച്ചേര്‍ത്തു.

1904നും 1908നും ഇടയില്‍ നമീബിയയില്‍ 70,000ലധികം തദ്ദേശീയരായ ഹെറെറോ, നാമ എന്നീ വിഭാഗങ്ങളുടെ കൂട്ടക്കൊലക്ക് ജര്‍മനി ഉത്തരവാദിയായിരുന്നു. ഇതിനെ ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.

എന്നാല്‍ തീവ്രവാദ സംഘടനകളെ സേവിക്കുന്നതിന് അന്താരാഷ്ട്ര കോടതിയില്‍ ഐക്യരാഷ്ട്ര സഭ വിചാരണ നേരിടണമെന്ന് യു.എന്നിലെ ഇസ്രഈല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് റദ്ദാക്കണമെന്ന് യു.എന്നിന്റെ നീതിന്യായ കോടതിയോട് ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,843 ആയി വര്‍ധിച്ചുവെന്നും 60,317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 147 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Namibia against Germany’s position of protecting Israel in the case given by South Africa