| Saturday, 25th February 2023, 7:52 am

അബദ്ധത്തില്‍ പേര് പറഞ്ഞു പോയി; മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റുന്നതായി റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഷൂട്ടിങ് ആരംഭിച്ച പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണെന്ന് മമ്മൂട്ടി തന്നെയാണ് വെളിപ്പെടുത്തിയത്.

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. അബദ്ധത്തില്‍ ചിത്രത്തിന്റെ പേര് പറഞ്ഞ് പോയതാണെന്ന് പിന്നീട് ക്രിസ്റ്റഫറിന്റെ പ്രസ് മീറ്റില്‍ വെച്ച് മമ്മൂട്ടി പറഞ്ഞിരുന്നു. അറിയാതെ മറ്റ് പ്രൊജക്ടുകളെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ കണ്ണൂര്‍ സ്‌ക്വഡ് എന്ന പേര് പറഞ്ഞു പോയതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനം പാലയില്‍ വച്ച് പൂജയും സ്വിച്ച് ഓണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് പൂനെയിലേയ്ക്ക് വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രന്‍ഡിങ്ങില്‍ ആയിരുന്നു.

പൂനെ, പാല എന്നീ സ്ഥലങ്ങള്‍ കൂടാതെ കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന്‍ റോണി ഡേവിഡ് രാജ് സഹ തിരക്കഥാകൃത്താണ്.

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവയാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ നിര്‍മിച്ചതും മമ്മൂട്ടി കമ്പനിയാണ്.

ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി.ഉണ്ണി കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

content highlight: name of the mammooty;s film is going to be changed

We use cookies to give you the best possible experience. Learn more